ഫാ. ഹാപ്പി ജേക്കബ്ബ്
അലങ്കാരങ്ങളും, അലങ്കരിക്കപ്പെട്ട മരങ്ങളും പൊതിയപ്പെട്ട സമ്മാനങ്ങളും സന്തോഷത്തിന്റെയും ഭംഗിയുടെയും നിറങ്ങളും നമ്മുടെ ഭവനങ്ങളെയും, തെരുവുകളെയും മനസ്സുകളെയും ഈ ദിനങ്ങളിൽ കീഴ്പെടുത്തി കളഞ്ഞു. കാരൾ ഗാനങ്ങൾ അലയടിക്കുന്ന ഇടങ്ങളായി നമ്മുടെ ഇടവകകൾ മാറ്റപ്പെട്ടു കഴിഞ്ഞു. യഥാർത്ഥമായും എന്താണ് ഈ ദിനങ്ങളിൽ നാം ആഗ്രഹിക്കുന്നത്. പങ്കുവയ്ക്കലും, ആശംസകളും സന്തോഷ അനുഭവങ്ങളും മാത്രമാണോ? എല്ലാവർക്കും ഒരുപോലെ ഇത് പ്രാപ്യമാണോ?
യെശയ്യാ പ്രവചനം 52: 7 -10 വാക്യങ്ങൾ. ദൈവത്തിൻറെ ശക്തിയും മഹത്വവും വെളിപ്പെട്ട അവസരം ആണ് ക്രിസ്തുമസ് . സമ്മാനമായി ലഭിച്ചത് രാജാധി രാജാവായ ക്രിസ്തുവിനെയാണ്. സർവ്വ അലങ്കാരങ്ങളും വർണ്ണങ്ങളും ആ രാജകീയ പ്രൗഢിയാണ് വെളിപ്പെടുത്തുന്നത്. എന്നാൽ ആഘോഷ തിമിർപ്പിനിടയിൽ വെളിപ്പെട്ട സമ്മാനം നാം സ്വീകരിക്കുന്നുണ്ടോ? ഈ ചിന്തയാണ് ഇന്നത്തെ സന്ദേശത്തിന്റെ പ്രധാന അംശം .
1 . ക്രിസ്തുമസ് – ഒന്നുമില്ലാത്ത ജനതയ്ക്ക് ലഭിച്ച സമ്മാനം
ചിതറി പാർക്കുകയും, ദൈവം ചിതറിക്കുകയും പാലായനം ചെയ്യുകയും കാലാകാലങ്ങളിൽ കാലാവസ്ഥയും സാഹചര്യങ്ങളും അനുസരിച്ച് ജീവിതങ്ങളിൽ മാറുന്ന ഒരു സമൂഹം ആയി ആണല്ലോ വിശുദ്ധ ഗ്രന്ഥങ്ങളിൽ നാം ദൈവജനത്തെ കാണുന്നത്. എന്നാൽ മാറാത്തവനായ ഒരു ദൈവം രാവിലും പകലിലും എല്ലാ കാലങ്ങളിലും അവരോടൊപ്പം ഉണ്ടായിരുന്നു. വാഗ്ദത്തം നൽകുന്നവനായിട്ടല്ല വാഗ്ദത്തം നിറവേറ്റുന്നവനായി തന്നെ അവരോടു കൂടെ നടന്നു. അവൻ വിശ്വസ്തനാണ്. ഇന്നും പരദേശികളായി, നഷ്ടപ്പെട്ടവരായി, പാപത്തിന്റെ അടിമത്വത്തിൽ കഴിയുന്നവരായി, സർവ്വ പ്രതീക്ഷകളും കെട്ടവരായി, പാലായനം ചെയ്യപ്പെട്ടവരായി, ഒന്നുമില്ലാത്തവരായി നാം ആയിത്തീരുമ്പോൾ ഈ ക്രിസ്തുമസ് നമുക്കുള്ളതാണ്. നാം നഷ്ടമാക്കിയതൊക്കെ വീണ്ടെടുക്കാനുള്ള സമ്മാനമാണ് ഈ ക്രിസ്തുമസ് . അലങ്കാരങ്ങളുടെയും സമ്മാന പൊതികളുടെയും നൈമാഷിക സ്വപ്നങ്ങളും സന്തോഷവും അല്ല ; എൻറെ കുറവുകൾക്കുള്ള സമ്മാനം , എൻറെ പുതുജീവിതത്തിനുള്ള സമ്മാനം, എൻറെ ജീവിത യാത്രയ്ക്കുള്ള സമ്മാനം ആകണം ഈ ക്രിസ്തുമസ് .
2 . ക്രിസ്തുമസ് – എല്ലാം ആഗ്രഹിക്കുന്നവർക്ക് ഒരുക്കപ്പെട്ട സമ്മാനം
കഴിഞ്ഞ കാലങ്ങളിൽ നമ്മുടെ എല്ലാ ജീവിത വ്യാപാരങ്ങളിലും ദൈവിക ഇടപെടലുകൾ ദർശിക്കുവാൻ നമുക്ക് കഴിഞ്ഞു. സമാധാനവും, സന്തോഷവും, കൃപകളും ധാരാളം നമുക്ക് നൽകി. ദൂതന്മാരെ അയച്ചു. സന്ദേശങ്ങൾ നൽകി. ഭൂമിയിൽ ദൈവപ്രീതി ഉള്ളവർക്ക് സമാധാനം ആശംസിച്ചു; അത് മാത്രമല്ല ഇതൊക്കെ സ്വീകരിക്കാനും നമുക്ക് കൃപ തന്നു. നമുക്ക് വേണ്ടുന്ന സകലവും , അർഹിക്കുന്നതിന് മുൻപേ തന്ന് പരിപാലിച്ചു . ഇങ്ങനെ ഒക്കെ എന്തെങ്കിലും ലഭിച്ച ക്രിസ്തുമസ് സമ്മാനത്തെ നാം തിരിച്ചറിഞ്ഞോ? വീണ്ടും സദ് വാർത്ത ഇക്കൊല്ലവും ദൈവം നമുക്ക് നൽകുന്നു. മാലാഖമാരാൽ ദൈവകീർത്തനം പാടുന്നു. പാപം , മരണം, പിശാച് , തിന്മ ഇവയിൽ നിന്നെല്ലാം വിടുതൽ വേണമെന്ന് നാം ആഗ്രഹിക്കുന്നു. എന്നിട്ടും എത്രമാത്രം ആത്മാർത്ഥമായി ഈ സമ്മാനം നാം സ്വീകരിച്ചു. ബേതലഹേമിൽ ദൈവപുത്രൻ ജാതനാവുമ്പോൾ അത് നിത്യമായ വീണ്ടെടുപ്പിന്റെ സമ്മാനം എന്ന് നാം മനസ്സിലാക്കിയോ? ഈ ചിന്തയിലേയ്ക്ക് നാം ഒരുങ്ങുക. ചിന്തിക്കുക, തീരുമാനിക്കുക. നാം ഒരുക്കുന്ന വർണ്ണങ്ങളും അലങ്കാരങ്ങളും പ്രതീകങ്ങളും അല്ല ക്രിസ്തുമസ് . അതെല്ലാം പ്രതീകങ്ങൾ മാത്രം. മഹത്തരമായ ദാനങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്ന പ്രതീകങ്ങൾ. ഒന്നുമില്ലാത്തവർക്കും എല്ലാം ഉള്ളവർക്കും വേണ്ടിയാണ് ക്രിസ്തുമസ് . സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ള മഹാ സന്തോഷം. ദാവീദിൻ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ ജനിച്ചിരിക്കുന്നു. അതാണ് ക്രിസ്തുമസ് . അത് തന്നെയാണ് ക്രിസ്തുമസ് സമ്മാനവും ‘
സ്നേഹപൂർവ്വം
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
Leave a Reply