ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലെസ്റ്ററിൽ ഇന്ത്യൻ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാര്‍ റോഡില്‍ തെന്നി നിയന്ത്രണം നഷ്ടമായതിനെ തുടർന്നാണ് അപകടം നടന്നത്. അപകടം നടന്ന വാഹനത്തിൽ അഞ്ചു പേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ മറ്റ് നാല് പേർക്കും പരിക്കുകൾ ഉണ്ട്. ശൈത്യകാല രാത്രികളില്‍ റോഡില്‍ നിറയുന്ന ബ്ലാക് ഐസ് മൂലമാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ലെസ്റ്ററിലെ കിബ്വര്‍ത്തില്‍ നടന്ന അപകടത്തിൽ കൊല്ലപ്പെട്ടത് ആന്ധ്രാ സ്വദേശികളാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അപകടത്തില്‍ ഒരാള്‍ മരിച്ചതിനാൽ കാര്‍ ഓടിച്ചിരുന്ന 27 കാരനായ യുവാവിനെ ലെസ്റ്റര്‍ പോലീസ് അറസ്റ്റ്് ചെയ്‌തു. സ്വാന്‍സി യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന ചിരഞ്ജിവി പങ്കുരുളി എന്ന 32 കാരനാണ് അപകടത്തില്‍ മരിച്ചത്. ഇയാൾ ലെസ്റ്ററില്‍ തന്നെയാണ് താമസിച്ചിരുന്നത്. പോലീസും എമര്‍ജന്‍സി വിഭാഗവും സംഭവ സ്ഥലത്ത് ഉടൻ എത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അപകടത്തില്‍ നിസാര പരുക്കുകള്‍ പറ്റിയ പ്രണവി എന്ന 25 കാരി മണിക്കൂറുകള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത പോയിരുന്നു. അതേസമയം സായ് ബദരീനാഥ് എന്ന 23 കാരനായ വിദ്യാര്‍ത്ഥി ഗുരുതര പരുക്കുകളോടെ ലെസ്റ്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നോട്ടിങ്ഹാം യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ 27 കാരനായ യമലയാ ബാണ്ഡലമുടിയും ഗുരുതര പരുക്കുകളോടെ ലെസ്റ്റര്‍ ആശുപത്രിയില്‍ തുടരുകയാണ്. രണ്ടു പേരുടെ നില ഗുരുതരം ആണെങ്കിലും പേടിക്കാനില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിദ്യാർത്ഥികൾ അതിരാവിലെ ഉള്ള ഷിഫ്റ്റില്‍ ജോലിക്ക് കയറാന്‍ വെയര്‍ ഹൗസിലേക്ക് യാത്ര ചെയ്യവേയാണ് അപകടം നടന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്
Leave a Reply