ലണ്ടന്‍: യു.കെ ഗെയിഡ്‌ലൈന്‍സുകള്‍ പ്രകാരം കുട്ടികള്‍ വ്യായാമം ചെയ്യുന്നില്ലെന്ന് എന്‍.എച്ച്.എസ് ഹെല്‍ത്ത് സര്‍വ്വേ റിപ്പോര്‍ട്ട്. 20 ശതമാനം പെണ്‍കുട്ടികളും 23 ശതമാനം ആണ്‍കുട്ടികളും മാത്രം വ്യായാമത്തില്‍ കൃത്യത പാലിക്കുന്നത്. മറ്റുള്ളവരുടെ ആരോഗ്യ പരിപാലനത്തില്‍ വലിയ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് നല്‍കിവരുന്ന സ്‌പോര്‍ട്‌സ് ബജറ്റ് തുക നേരത്തെ സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. കായികപരമായ കുട്ടികളുടെ ഉന്നമനത്തിന്റെ പ്രധാന്യവും കുറച്ച് കാണിക്കാനാണ് നിലവില്‍ ശ്രമിക്കുന്നത്. ആഴ്ച്ചയില്‍ കുട്ടികള്‍ക്ക് ഇതിനായി നല്‍കിവരുന്ന 2 മണിക്കൂര്‍ സമയവും വെട്ടിക്കുറച്ചതില്‍ നിന്ന് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നതായും ഷാഡോ സ്‌പോര്‍ട്‌സ് മിനിസ്റ്റര്‍ റോസേന അലിന്‍ ഖാന്‍ കുറ്റപ്പെടുത്തി.

നാല് ആണ്‍കുട്ടികളില്‍ ഒരാള്‍ക്കും അഞ്ച് പെണ്‍കുട്ടികളില്‍ ഒരാള്‍ക്കും മാത്രമാണ് മിനിമം വ്യായാമത്തിനും കളികള്‍ക്കുമായി സമയം ലഭിക്കുന്നുള്ളു. ഇത് അപകടരമായി അവസ്ഥയാണ്. ഇക്കാര്യത്തില്‍ മാറ്റമുണ്ടാകണമെന്നും ഷാഡോ സ്‌പോര്‍ട്‌സ് മിനിസ്റ്റര്‍ റോസേന അലിന്‍ ഖാന്‍ പറഞ്ഞു. ഫിസി ഡ്രിങ്കുകളില്‍ നിന്ന് അധിക ലെവി ഈടാക്കാനും അത് കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കുമെന്നും കാണിച്ച് 2017ല്‍ സര്‍ക്കാര്‍ പദ്ധതി കൊണ്ടുവന്നിരുന്നു. ആദ്യഘട്ടത്തില്‍ പദ്ധതി 415 മില്യണ്‍ പൗണ്ടായിരുന്നെങ്കിലും പിന്നീട് അത് 100 മില്യണ്‍ പൗണ്ടാക്കി ചുരുക്കി.

കുട്ടികളുടെ കാര്യത്തില്‍ വ്യായാമങ്ങള്‍ നിര്‍ബന്ധമായി പാലിക്കേണ്ട ഒന്നാണ്. ഫണ്ടിംഗിന്റെ കാര്യത്തിലുണ്ടാകുന്ന കുറവ് ഇതിനെ പ്രതികൂലമായി ബാധിക്കുമെന്നത് തീര്‍ച്ചയാണെന്നും സ്‌പോര്‍ട്‌സ് ആന്റ് റിക്രിയേഷന്‍ അലയന്‍സ് പ്രതിനിധി ജെയിംസ് അലന്‍ പ്രതികരിച്ചു. അതേസമയം 100 മില്യണ്‍ പൗണ്ടിന്റെ പദ്ധതി സ്‌കൂളിന് പുറത്തുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നടപ്പിലാക്കാനാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു.