കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസിൽ വാദം പൂർത്തിയായി. കോട്ടയം അഡിഷണൽ ജില്ലാ കോടതി രണ്ടിൽ ജഡ്ജ് നാസർ മുൻപാകെ 24/4/2023 ന് ആരംഭിച്ച വിചാരണ പൂർത്തിയാകാൻ ഒന്നര വർഷമെടുത്തു. ഒരാഴ്ച നീണ്ടുനിന്ന ഇരുഭാഗത്തിൻ്റെയും വാദത്തിനൊടുവിൽ വെള്ളിയാഴ്ചയോടെയാണ് വിചാരണ പൂർത്തിയായത്
സ്വത്തു തർക്കത്തെ തുടർന്നുള്ള വിരോധം നിമിത്തം പ്രതിയായ ജോർജുകുര്യൻ കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിൽ അതിക്രമിച്ചു കയറി സഹോദരനായ രെഞ്ചു കുര്യനെയും, മാതൃസഹോദരനായ മാത്യു സ്കറിയയേയും പ്രതിയുടെ തോക്ക് ഉപയോഗിച്ച് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.
കേസിൽ പ്രോസിക്യൂഷൻ 26 സാക്ഷികളെ വിസ്തരിക്കുകയും 278 പ്രമാണങ്ങളും 75 തൊണ്ടികളും ഹാജരാക്കി. പ്രതി വെടിവെക്കാൻ ഉപയോഗിച്ച ഇംഗ്ലണ്ടിൽ നിർമ്മിതമായ വെബ് ലൈ ആൻഡ് സ്കോട്ട് കമ്പനിയുടെ 32 റിവോൾവറും, കാർട്രിഡ്സ് അടക്കം 78 ഓളം മെറ്റിരിയൽ ഒബ്ജെക്ടസും കോടതിയിൽ ഹാജരാക്കിയിരുന്നു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ്റെയും മറ്റും വിചാരണ കോടതിയിൽ തുടങ്ങുന്നതിനു മുൻപ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിൻ്റെ പേരിൽ പ്രതിക്കെതിരെ മറ്റു കേസുകളും നിലവിലുണ്ട്.
ഹൈദ്രാബാദ് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ അസിസ്റ്റന്റ് ഡയറക്ടർ ബാലിസ്റ്റിക് എക്സ്പെർട്ട് എസ്.എസ് മൂർത്തി വിചാരണ കോടതി മുമ്പാകെ ഹാജരായി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്കി.
കരിമ്പനാൽ എസ്റ്റേറ്റിലെ റൈറ്റർ വിൽസൺ, വീട്ടുജോലിക്കാരി സുജ, വീട്ടിലെ ഡ്രൈവർ മഹേഷ് എന്നിവർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. കൂടാതെ റിവോൾവർ ഉപയോഗിക്കുന്നതിനുള്ള പ്രതിയുടെ പ്രാവിണ്യം സംബന്ധിച്ച് ഇടുക്കി റൈഫിൾ ക്ലബ് സെക്രട്ടറി പ്രൊഫസർ വി സി ജെയിംസും കോടതിയിൽ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിട്ടുള്ളതാണ്. പ്രതി ഇടുക്കി റൈഫിൾ ക്ലബ്ബിലെ ആജീവനാന്ത മെമ്പറും റൈഫിൾ മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി തവണ പുരസ്കാരങ്ങൾ നേടിയിട്ടുള്ളതുമാണ്.
പ്രതിയുടെ ഫോണിലെ കൃത്യദിവസത്തെ വാട്സ്ആപ്പ് ചാറ്റുകളിൽ നിന്നും നിർണ്ണായക തെളിവുകൾ
പോലീസിന് ലഭിച്ചതുമാണ്. പ്രദേശത്തെ പേരുകേട്ട കുടുംബക്കാരാണ് കരിമ്പനാൽ തറവാട്ടുകാർ, പാരമ്പര്യ തറവാടികൾ. ജോർജ്ജിന്റെയും രഞ്ജുവിന്റെയും പിതാവായിരുന്നു കുടുംബത്തിന്റെ കാരണവരായിയിരുന്നത്. കരമ്പനയ്ക്കൽ കുര്യൻ -റോസ് ദമ്പതികളുടെ മക്കളാണ് കുര്യനും രഞ്ജുവും. അദ്ദേഹമാണ് കുടുംബത്തിന് സ്വത്തുവഹകളും ബിസിനസും സ്വരുക്കൂട്ടിയത്.
സമ്പത്തുകൊണ്ടും പ്രതാപം കൊണ്ടും പേരുകേട്ട കുടുംബത്തിൽ മക്കൾ തമ്മിൽ സ്വരച്ചേർച്ച ഇല്ലാതിരുന്നത് മാതാപിതാക്കളെയും ബുദ്ധിമുട്ടിലാക്കി. രഞ്ജുവും കുര്യനും തമ്മിൽ സ്വത്തുവകകൾ സംബന്ധിച്ച് വർഷങ്ങളായി തർക്കങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. പച്ചക്കാനത്തും മൂന്നാറിലും ,ഊട്ടിയിലും കുടുംബത്തിന് റിസോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ നടത്തിപ്പും കുടുംബത്തിലെ മറ്റ് സാമ്പത്തിക വരുമാനങ്ങളും കൈകാര്യം ചെയ്തിരുന്നത് രഞ്ജുവാണ്.
കുടുബ വീടിനോട് ചേർന്ന സ്ഥലത്ത് വില്ലാ പ്രൊജക്ട് കൊണ്ടുവന്ന് വിൽപ്പന നടത്തി ബാധ്യതകൾ തീർക്കാനായിരുന്നു ജോർജ് കുര്യൻ്റെ പദ്ധതി. എന്നാൽ ഇതിനായി ശ്രമം തുടങ്ങിയപ്പോൾ സഹോദരൻ രഞ്ജു എതിർ നീക്കങ്ങളുമായി രംഗത്തെത്തി. ഭൂമി വിൽക്കണ്ടന്നായിരുന്നു രഞ്ജുവിന്റെ നിലപാട്. ഇതിൽ പ്രകോപിതനായ ജോർജ് കുര്യൻ സഹോദരൻ വീട്ടിലേക്ക് വരുന്നത് കാത്തുനിൽക്കുകയും, രഞ്ജു കുടുംബവീട്ടിലേക്ക് എത്തിയതോടെ നിർദ്ദാക്ഷിണ്യം നിറയൊഴിക്കുകയുമായിരുന്നു. രഞ്ജുവിനെ വെടിവെച്ചതിന് പിന്നാലെ മാതൃ സഹോദരനെയും ജോർജ് കുര്യൻ വെടിവെച്ചു. വെടിയേറ്റ രഞ്ജു തത്ക്ഷണം മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മാതൃസഹോദരൻ മാത്യൂ സ്കറിയ മരിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സി എസ് അജയൻ, അഡ്വ നിബു ജോൺ, അഡ്വ സ്വാതി എസ് ശിവൻ, എന്നിവരും പ്രതി ജോർജ് കുര്യന് വേണ്ടി അഡ്വക്കേറ്റ് ബി ശിവദാസും ഹാജരായി
Leave a Reply