ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്രിസ്മസ് അവധിക്കാലത്ത് റോഡുകളിലെ തിരക്ക് യുകെയിൽ ഉടനീളമുള്ള ഡ്രൈവർമാർക്ക് കടുത്ത ദുരിതം സമ്മാനിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. വാരാന്ത്യത്തിൽ പ്രത്യേകിച്ച് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ 6 മണിക്കൂർ പ്രധാന റൂട്ടുകളിലെ യാത്ര ഒഴിവാക്കണമെന്നാണ് പൊതുവെ ഡ്രൈവർമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ആർഎസിയും ട്രാൻസ്‌പോർട്ട് അനലിറ്റിക്‌സ് കമ്പനിയായ ഇൻറിക്സും 2013 മുതലുള്ള വിവരങ്ങളെ വിശകലനം ചെയ്താണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിക്കും രാത്രി 7 മണിക്കും ഇടയിലാണ് റോഡുകളിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുക എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


M25, M3, M 1, M23 തുടങ്ങിയ പ്രധാന മോട്ടോർ വേകളിൽ എല്ലാം ദീർഘനേരം ട്രാഫിക് ബ്ലോക്കുകൾ ഉണ്ടാകുമെന്നാണ് അറിയിപ്പിൽ പറയുന്നത്. ക്രിസ്മസ് രാവിൽ 3.8 മില്യൺ കാറുകൾ നിരത്തിലിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. ഈ വർഷം ക്രിസ്മസ് ബുധനാഴ്ച വരുന്നതിനാൽ വാരാന്ത്യങ്ങളിലെ തിരക്ക് നീണ്ടു നിൽക്കുമെന്ന് ആർഎസി വക്താവ് ആലീസ് സിംപ്സൺ പറഞ്ഞു. തിരക്കുള്ള സമയം ഒഴിവാക്കി യാത്ര ചെയ്യുന്നതായിരിക്കും സമയത്തിന് എത്തിച്ചേരാനുള്ള മാർഗമെന്ന് ആർ എ സി നിർദ്ദേശിക്കുന്നു.


എന്നാൽ ആർ എ സി നടത്തിയ ഒരു സർവേയിൽ 53 ശതമാനം ആളുകളും തിരക്കുള്ള സമയങ്ങളിൽ യാത്ര ആസൂത്രണം ചെയ്തതായിയാണ് കണ്ടെത്തിയിരിക്കുന്നത് . 35 ശതമാനം ആളുകളും ഇത്തരം അവധിക്കാല യാത്രകൾക്ക് പൊതു ഗതാഗതം ഉപയോഗിക്കാൻ താത്പര്യപ്പെടുന്നില്ല. നിരവധി ആളുകളുമായി ഒട്ടേറെ ലഗേജുമായി യാത്ര ചെയ്യുന്നതിനാലാണ് പൊതു ഗതാഗതം അവധിക്കാല യാത്രകൾക്ക് അനുയോജ്യമായി പലരും കരുതാത്തത്. വർദ്ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് ഡിസംബർ 20 മുതൽ ജനുവരി 2 വരെ മോട്ടോർ വേകളിലെയും പ്രധാനപാതകളിലെയും അറ്റകുറ്റപ്പണികൾ നിർത്തിവയ്ക്കുകയാണെന്ന് നാഷണൽ ഹൈവേസ് അറിയിച്ചിട്ടുണ്ട്. ഉത്സവകാലത്ത് കൂടുതൽ ആളുകൾ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഡ്രൈവർമാർ മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യണമെന്നും നാഷണൽ ഹൈവേയുടെ കസ്റ്റമർ സർവീസ് ഡയറക്ടർ ആൻഡ്രൂ ബട്ടർഫീൽഡ് പറഞ്ഞു. സമീപകാലത്ത് നടന്ന കനത്ത മഴയും കൊടുങ്കാറ്റുകളും റോഡുകളുടെ അവസ്ഥ മോശമാക്കിയിട്ടുണ്ട്. ഇതും വാഹനഗതാഗതം ദുഷ്കരമാക്കുമെന്നും ട്രാഫിക് ബ്ലോക്ക് സൃഷ്ടിക്കുന്നതിനും കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ.