ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയുടെ സമ്പദ് വ്യവസ്ഥ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ പൂജ്യം വളർച്ചയാണ് നേടിയത് എന്ന ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ ദിവസം എട്ടുമാസത്തെ ഉയർന്ന നിലയിലേയ്ക്ക് പണപ്പെരുപ്പം എത്തിയതെന്ന വിവരവും വന്നിരുന്നു. ഇതിനു പുറമേയാണ് സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ഏറ്റവും നിരാശജനകമായ വാർത്തകൾ പുറത്തു വന്നിരിക്കുന്നത്. പുതിയ കണക്കുകൾ പുറത്തു വന്നതിന് പിന്നാലെ യുകെയുടെ സാമ്പത്തിക മേഖലയെക്കുറിച്ച് കടുത്ത ആശങ്കയാണ് സാമ്പത്തിക വിദഗ്ധർ ഉന്നയിച്ചിരിക്കുന്നത്.
ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വന്നതിന് പിന്നാലെ താറുമാറാകുന്ന സമ്പദ് വ്യവസ്ഥയെ ചൊല്ലി ഭരണ പ്രതിപക്ഷങ്ങൾ അന്യോന്യം പഴിചാരി രംഗത്ത് വന്നു. 15 വർഷത്തെ അവഗണനയ്ക്ക് ശേഷം സമ്പദ്വ്യവസ്ഥ പരിഹരിക്കാനുള്ള വെല്ലുവിളി വളരെ വലുതാണെന്ന് ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു.എന്നാൽ ലേബർ പാർട്ടിയുടെ ബഡ്ജറ്റും സാമ്പത്തിക നയങ്ങളും സാമ്പത്തിക മേഖലയ്ക്ക് കടുത്ത പ്രത്യാഘാതം സൃഷ്ടിച്ചിരിക്കുന്നു എന്ന് ഷാഡോ ചാൻസലർ മെൽ സ്ട്രൈഡ് പറഞ്ഞു. തൊഴിലുടമകളുടെ ദേശീയ ഇൻഷുറൻസ് സംഭാവനകളിലെ (എൻഐസി) വർധനവും കുറഞ്ഞ വേതനവും ഉൾപ്പെടെ ഒക്ടോബറിലെ ബജറ്റിൽ പ്രഖ്യാപിച്ച നടപടികൾ ജോലി വെട്ടിക്കുറയ്ക്കുന്നതിലേക്കും വില ഉയർത്തുന്നതിലേക്കും നയിക്കുമെന്ന് നേരത്തെ കമ്പനികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ത്യയുടെ ജിഡിപി 6.5 ശതമാനത്തിലേറെ വർഷംതോറും വളരുമ്പോൾ ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ കുറയുകയാണെന്ന റിപ്പോർട്ടുകൾ കടുത്ത ആശങ്കയാണ് ഉണർത്തുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുവന്ന ബ്രെക്സിറ്റ് ആണ് ബ്രിട്ടന്റെ സാമ്പത്തിക വളർച്ചയ്ക്ക് കടുത്ത ആഘാതം ഏൽപ്പിച്ചതെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. ലോകത്തിലെ സകല വൻകിട കമ്പനികളുടെയും യൂറോപ്പിലെ ആസ്ഥാനം ലണ്ടനായിരുന്നു. എന്നാൽ ബ്രെക്സിറ്റിന് ശേഷം മിക്ക കമ്പനികളുടെയും ആസ്ഥാനം ലണ്ടനിൽ നിന്ന് മാറുകയോ ജീവനക്കാരെ കുറയ്ക്കുകയോ ചെയ്തു. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ നിന്ന് ബ്രിട്ടനിലേയ്ക്ക് ജോലിക്കായി എത്തുന്നവരോടുള്ള ഇഷ്ടക്കേടായിരുന്നു ബ്രെക്സിറ്റിലേയ്ക്ക് നയിച്ച പ്രധാന ചേതോവികാരം. എന്നാൽ നിലവിൽ കൃഷിപ്പണി പോലുള്ള പല ജോലികൾക്കും ബ്രിട്ടനിൽ ആളെ കിട്ടാനില്ലെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് കൂടാതെ ബ്രെക്സിറ്റിന്റെ അനന്തര ഫലമായി ബ്രിട്ടനിൽ സർവ്വ സാധനത്തിനും വില ഇരട്ടിയാവുകയും ചെയ്തു.
Leave a Reply