ഷിബു മാത്യൂ. ന്യൂസ് ഡെസ്ക്. മലയാളം യുകെ
കീത്തിലി മലയാളി ഹിന്ദു സമാജം സംഘടിപ്പിച്ച അയ്യപ്പ വിളക്ക് മഹോത്സവം ഭക്തി സാന്ദ്രമായി. കീത്തിലി ഫെൽ ലൈൻ സ്കൗട്ട് ഹട്ടിൽ വ്യാഴാഴ്ച്ച വൈകിട്ട് ആറ് മണിക്ക് സമാജത്തിൻ്റെ പ്രഥമ അയ്യപ്പ വിളക്ക് മഹോത്സവം ജയരാജ് നമ്പ്യാരുടെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ചു. തുടർന്ന് വിഷ്ണു എം നായരുടെ മുഖ്യകാർമ്മികത്വത്തിൽ ഭക്തിനിർഭരമായ അയ്യപ്പ വിളക്ക് മഹോത്സവത്തിന് തുടക്കമായി. സംഘാടകർ നിർമ്മിച്ച അയ്യപ്പ സ്വാമികളുടെ പതിനെട്ടാംപടിയുടെ മാതൃകയും വിശ്വാസികൾക്ക് ഒരു പുത്തൻ ഉണർവ്വായിരുന്നു.
നിലവിളക്കുകളാൽ പതിനെട്ടാംപടി പ്രകാശപൂരിതമായപ്പോൾ ശരണ മന്ത്രങ്ങളുയിർന്നു. തുടർന്ന് രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ഭക്തി നിർഭരമായ അയ്യപ്പ ഭജന നടന്നു. അതേ തുടർന്നു നടന്ന പടിപൂജയും കർപ്പൂരാഴിയും വിശ്വാസികൾക്ക് ഭക്തിനിർഭരമായ ഒരനുഭവമായി മാറി. തുടർന്ന് ഹരിവരാസനം ആലപിച്ച് അയ്യപ്പ വിളക്ക് മഹോത്സവ കർമ്മങ്ങൾ അവസാനിച്ചു. തുടർന്ന് പ്രസാദ വിതരണവും അന്നദാനവും നടന്നു.
കീത്തിലിയിലും പരിസരത്തു നിന്നുമായി ജാതി മത ഭേതമെന്യേ നിരവധിയാളുകൾ അയ്യപ്പ വിളക്ക് മഹോത്സവത്തിൽ പങ്കെടുത്തു. അത്യധികം ഭക്തിനിർഭരമായി നടന്ന അയ്യപ്പ വിളക്ക് മഹോത്സവം പ്രവാസ ലോകത്തിലെത്തിയ മലയാളികൾക്ക് തങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള ഒരു അവസരമായി മാറി.
Leave a Reply