തൃശൂർ അതിരൂപതയിലെ വൈദികനായ റ്റെറിനച്ചൻ 2018 ജൂൺ മാസമാണ് ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിൻെറ നിർദ്ദേശപ്രകാരം ബിർമിങ്ഹാം റീജിയണലിനെ സീറോ മലബാർ ചാപ്ലിനായി സ്ഥാനമേറ്റെടുക്കുന്നത്. തുടർന്ന് ബഹുമാനപ്പെട്ട അച്ചൻ റീജിയണിലെ വിവിധ കുർബാനാകേന്ദ്രങ്ങളിലെ പ്രതിനിധിയോഗങ്ങളുമായി ചേർന്നു നടത്തിയ അക്ഷീണപരിശ്രമത്തിൻ്റെ ഫലമായി ഏതാനും മാസങ്ങൾക്കുള്ളിൽ വോൾവർഹാംപ്ടൺ കേന്ദ്രീകരിച്ച്‍ ഔവർ ലേഡി ഓഫ് പെർപ്പിച്എൽ ഹെൽപ് വോൾവർഹാംപ്ടൺ മിഷനും, സ്റ്റോക്ക് ഓൺ ട്രെൻറ് കേന്ദ്രീകരിച്ച് ഔവർ ലേഡി ഓഫ് പെർപ്പിച്എൽ ഹെൽപ് സ്റ്റോക്ക് ഓൺ ട്രെൻറ് മിഷനും, ബർമിങ്ഹാം കേന്ദ്രീകരിച്ച്‍ സെൻറ് ബെനഡിക്ട് മിഷനും രൂപപ്പെട്ടു. 2018 നവംബർ മുപ്പതാം തീയതി അന്നത്തെ സീറോമലബാർ സഭാദ്ധ്യക്ഷൻ അഭിവന്ദ്യ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി വലിയ പിതാവ് സെൻറ് ബെനഡിക്ട് മിഷൻ ഉദ്‌ഘാടനം ചെയ്യുകയും ബഹുമാനപ്പെട്ട റ്റെറിനച്ചനെ പ്രഥമ മിഷൻ ഡയറക്ടർ ആയി പ്രഖ്യാപിക്കുകയും ചെയ്തു.

കഴിഞ്ഞ ആറു വർഷങ്ങളിൽ ടെറിനച്ചൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി അഭൂതപൂർവ്വമായ വളർച്ചയാണ് ഈ ഇടവകയിൽ ഉണ്ടായത്. നോർത്ത്ഫീൽഡ്, സ്ടെച്ച്ഫോർഡ്, വാമലി എന്നീ പ്രദേശങ്ങളിലായി ചിതറിക്കിടന്ന നൂറ്റമ്പത് കുടുംബങ്ങളെ ചേർത്ത് രൂപീകരിച്ച ഇടവകയിൽ ഇപ്പോൾ ഏകദേശം മുന്നൂറ് കുടുംബങ്ങൾ അംഗങ്ങളായുണ്ട്. എല്ലാ ഞായറാഴ്‌ചയും ദേവാലയത്തോടു ചേർന്നുള്ള സ്‌കൂളിൽ ഒന്ന് മുതൽ പന്ത്രണ്ടുവരെയുള്ള ക്‌ളാസുകളിലെ വിദ്യാർത്ഥികൾക്കായി മതപഠനക്ളാസ്സുകൾ നടത്തപ്പെടുന്നു. കൂടാതെ യുവജനങ്ങൾക്കായി യൂത്ത് കാറ്റക്കിസം ക്‌ളാസ്സുകളും എല്ലാ ഞായറാഴ്ചകളിലും നടത്തപ്പെടുന്നു. ടെറിനച്ചൻ്റെ ആത്മാർത്ഥതയിലും കഠിനാദ്ധ്വാനത്തിലും നിന്ന് ആവേശമുൾക്കൊണ്ട് തങ്ങളെ ക്രിസ്തുവിനും ഭാവിതലമുറയ്ക്കുംവേണ്ടി സ്വയം സമർപ്പിച്ചിരിക്കുന്ന ഒരുപറ്റം കാറ്റക്കിസം അദ്ധ്യാപകരാണ് ക്‌ളാസ്സുകൾക്ക് നേതൃത്വം നൽകുന്നത്.

ടെറിനച്ചൻ്റെ ശുശ്രൂഷകളുടെ വലിയ ഒരു പ്രത്യേകത ദിവ്യകാരുണ്യാരാധനയ്ക്ക് അദ്ദേഹം നൽകുന്ന പ്രാധാന്യമാണ്. എല്ലാ ആഴ്ച്ചകളിലും ബുധൻ വെള്ളി ദിവസങ്ങളിൽ ദിവ്യകാരുണ്യാരാധനയും വിശുദ്ധകുർബാനയും നടത്തുന്നതോടൊപ്പം വിശേഷാവസരങ്ങളിൽ ദൈവജനത്തിൻ്റെ ഒരുക്കത്തിനായി ദിവസങ്ങളോളം തുടർച്ചയായി ദിവ്യകാരുണ്യാരാധന നടത്തുന്ന പതിവും അച്ചനുണ്ടായിരുന്നു. ക്രിസ്തുമസിന് മുൻപായി ഡിസംബറിൽ 24 ദിവസം തുടർച്ചയായി ദിവ്യകാരുണ്യാരാധനയും എല്ലാ ദിവസവും വിശുദ്ധകുർബാനയും ഇടവക ദേവാലയത്തിൽ ഒരുക്കിയത് സവിശേഷശ്രദ്ധയാകര്ഷിച്ചു. രോഗം മൂലവും ഓപ്പറേഷനു ശേഷവും വീട്ടിൽ വിശ്രമിക്കുന്നവർക്ക് ദിവ്യകാരുണ്യവുമായി ഒരു ദൈവദൂതനെപ്പോലെ എത്തുന്ന ടെറിനച്ചൻ്റെ മുഖം ഇടവകാംഗങ്ങൾക്ക് മറക്കാനാവില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടെറിനച്ചൻ പ്രേത്യേക താത്പര്യമെടുത്തു രൂപീകരിച്ച മെൻസ് ഫോറം വിവിധ കലാകായിക മത്സരങ്ങളാൽ ഇടവക ജീവിതത്തെ ആനന്ദഭരിതമാക്കുമ്പോൾ വിമൻസ് ഫോറം സ്‌കിറ്റുകളും വിവിധ നൃത്തപരിപാടികളുമായി സജീവമായി പ്രവർത്തിക്കുകയും കൂട്ടായ്മയിലെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു. കൊയർ ടീം ദേശീയതലത്തിലെ പല മത്സരങ്ങളിലും ഉജ്ജ്വല വിജയം സ്വന്തമാക്കി രൂപതയിലെ ഏറ്റവും മികച്ച പാട്ടുകാരായി പേരെടുത്തുകഴിഞ്ഞു. സൺഡേ സ്കൂൾ കലാമത്സരങ്ങളിൽ തുടർച്ചയായി റീജിയണൽ, നാഷണൽ തലങ്ങളിൽ വിജയം നേടിക്കൊണ്ട് പുതുതലമുറയും അഭിമാനപൂർവ്വം മുന്നിട്ടു നിൽക്കുന്നു. ഇങ്ങനെ സെൻറ്‌ ബെനഡിക്ട് മിഷനെ രൂപതയുടെ മാതൃകാഇടവകയാക്കി മാറ്റിയതിൽ ടെറിനച്ചൻ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. രൂപതയ്ക്ക് ഒരു അജപാലനകേന്ദ്രം ആവശ്യമായ പ്രേത്യേക സാഹചര്യത്തിൽ പ്രത്യേക ടീമുകൾ ഫോം ചെയ്ത് ഊർജ്ജസ്വലമായ കഠിനപ്രയത്നത്തിലൂടെ ഇടവകാംഗങ്ങളിൽനിന്ന് വലിയൊരു തുക കണ്ടെത്തി മറ്റിടവകകൾക്കെല്ലാം മാതൃകയായത് പ്രേത്യേകം സ്‌മരിക്കുന്നു. ഏല്ലാ വർഷവും നാട്ടിൽ വീടില്ലാത്ത ഒരു കുടുംബത്തിനെങ്കിലും വീടുവച്ചുകൊടുക്കണമെന്ന് അച്ചൻ ആഗ്രഹിച്ചപ്പോൾ അനേകം ഇടവകാംഗങ്ങൾ അതിൽ പങ്കുചേരുകയും അങ്ങനെ ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ അര ഡസനോളം ഭവനരഹിതർ അതിൻ്റെ പ്രയോജനം അനുഭവിക്കുകയും ചെയ്തു. ആദിലാബാദ് മിഷൻ രൂപതയ്ക്ക് ദേവാലയങ്ങൾ പണികഴിപ്പിക്കാനും മറ്റു ചാരിറ്റിപ്രവർത്തങ്ങൾക്കുമായി ശേഖരിച്ച് നൽകിയ സംഭാവനകളും പ്രത്യേക സ്മരണയർഹിക്കുന്നു.


കുട്ടികളോട് തമാശപറഞ്ഞു ചിരിക്കുന്ന, യുവാക്കളോടുകൂടെ ഫുട്ബോൾ കളിക്കുന്ന, സ്കിറ്റുകളിൽ അഭിനയിക്കുന്ന, പാട്ടുപാടി എല്ലാവരേയും സന്തോഷിപ്പിക്കുന്ന ടെറിനച്ചൻ ഇടവകാംഗങ്ങൾക്ക് ഓരോരുത്തർക്കും വികാരിയച്ചൻ എന്നതിനേക്കാൾ ഏറ്റവും അടുത്ത ഒരു കുടുംബാംഗമാണ്. അതുകൊണ്ടുതന്നെ ജനുവരി 12 ന് അച്ചൻ വിടപറഞ്ഞു നാട്ടിലേക്ക് പോകുമ്പോൾ സെൻറ് ബെനഡിക്ട് മിഷനിലെ ഓരോ വ്യക്തിയും ഉള്ളിലെ വേദനയടക്കിക്കൊണ്ട് ഞങ്ങളുടെ പ്രിയപ്പെട്ട അച്ചനെ കൂടുതൽ കൃപകളാല്‍ നിറയ്ക്കണമേ ദൈവമേയെന്ന് പ്രാർത്ഥിക്കുകയും അച്ചനായി ഹൃദയം നിറയെ ആശംസകൾ നേരുകയും ചെയ്യുന്നു.