നടി ഹണി റോസിന്റെ പരാതിയില്‍ പോലീസ് കസ്റ്റഡിയെലടുത്ത ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലെത്തിച്ചു. ബുധനാഴ്ച വൈകീട്ടോടെയാണ് പോലീസ് സംഘം ബോബി ചെമ്മണ്ണൂരിനെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കും.

നിരന്തരം അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയെന്നായിരുന്നു ബോബി ചെമ്മണ്ണൂരിനെതിരേ ഹണി റോസിന്റെ പരാതി. കഴിഞ്ഞദിവസം ഹണി റോസ് നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാവിലെ വയനാട്ടിലെ ഫാംഹൗസില്‍നിന്നാണ് ബോബി ചെമ്മണ്ണൂരിനെ പ്രത്യേക പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

ഹണി റോസിന്റെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ബോബി ചെമ്മണ്ണൂരിനെതിരേ പോലീസ് നടപടി. പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചേക്കുമെന്ന് സൂചനയുള്ളതിനാല്‍ എറണാകുളത്തുനിന്നുള്ള പ്രത്യേക അന്വേഷണസംഘം അതിവേഗം വയനാട്ടിലെത്തി. കഴിഞ്ഞദിവസം മുതല്‍ വയനാട് മേപ്പാടിയിലെ ഫാംഹൗസിലായിരുന്നു ബോബി ചെമ്മണ്ണൂര്‍. ‘1000 ഏക്കര്‍’ എന്ന പേരിലുള്ള ഇവിടെ റിസോര്‍ട്ടും തേയില എസ്‌റ്റേറ്റുമുണ്ട്. ഇവിടേക്കാണ് പുലര്‍ച്ചെയോടെ പോലീസ് സംഘമെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുലര്‍ച്ചെ നാലുമണി മുതല്‍ ‘1000 ഏക്കറി’ന് സമീപം എറണാകുളത്തുനിന്നുള്ള അന്വേഷണസംഘവും വയനാട് എസ്.പി.യുടെ പ്രത്യേക സ്‌ക്വാഡും തമ്പടിച്ചിരുന്നു. തുടര്‍ന്ന് രാവിലെ ബോബി ചെമ്മണ്ണൂര്‍ കാറില്‍ ഫാംഹൗസില്‍നിന്ന് പുറത്തേക്ക് വന്നപ്പോള്‍ പോലീസ് സംഘം കാര്‍ വളഞ്ഞാണ് ബോബിയെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ സ്വകാര്യവാഹനത്തില്‍ എ.ആര്‍. ക്യാമ്പിലെത്തിച്ചു. ഇവിടെനിന്ന് എറണാകുളത്തേക്കും.

പോലീസിന്റെ ബൊലേറോ ജീപ്പിലാണ് ബോബി ചെമ്മണ്ണൂരുമായി അന്വേഷണസംഘം വയനാട്ടില്‍നിന്ന് കൊച്ചിയിലെത്തിയത്. പോലീസ് വാഹനത്തിലും ചെറുചിരിയോടെയായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ യാത്ര. ബൊലേറോ ജീപ്പിന്റെ രണ്ടാംനിരയിലെ സീറ്റില്‍ രണ്ടുപോലീസുകാര്‍ക്കിടയിലായിരുന്നു ബോബി ഇരുന്നത്.

അതിനിടെ, ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് നടപടിയില്‍ ഹണി റോസ് നന്ദി അറിയിച്ചു. കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും കേരള പോലീസിനും താനും തന്റെ കുടുംബവും ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു എന്നായിരുന്നു ഹണി റോസിന്റെ പ്രതികരണം. കേസില്‍ ബോബി ചെമ്മണ്ണൂരിനെതിരേ ഹണി റോസ് രഹസ്യമൊഴിയും നല്‍കിയിട്ടുണ്ട്. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് നടി രഹസ്യമൊഴി നല്‍കിയത്.