രണ്ടാഴ്ചമുമ്പ് എറണാകുളത്തെ മുട്ടാർപുഴയിൽ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വൈഗ മരണത്തിലേക്ക് പോയത് താന്‍ അഭിനയിച്ച സിനിമ വെള്ളിത്തിരയില്‍ കാണാന്‍ കഴിയാതെ. ചിത്രീകരണം പൂര്‍ത്തിയായ സിനിമയ്ക്ക് ഇനി ഡബ്ബിംഗ് മാത്രം ബാക്കി നില്‍ക്കേയാണ് വൈഗയെ മരണം കൊണ്ടു പോയത്. പുതുമുഖ സംവിധായകനായ ഷാമോൻ നവരംഗ് ആണ് വൈഗ അഭിനയിച്ച സിനിമയെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയത്.

നാലുസംവിധായകരുടെ അഞ്ചുസിനിമകൾ കോർത്തിണക്കി ഒരുങ്ങുന്ന ‘ചിത്രഹാറി’ല്‍ വൈഗ അഭിനയിച്ച ‘ബില്ലി’യും ഉണ്ടായിരുന്നു. മൂന്ന് പെൺകുട്ടികള്‍ പ്രധാന കഥാപാത്രമായ ചിത്രത്തിലെ മൂന്നിലൊരാൾ വൈഗയായിരുന്നു. അഞ്ചു ദിവസം മാത്രം ഷൂട്ടിംഗ് ഉണ്ടായിരുന്ന സിനിമയ്ക്ക് ഇനി ബാക്കിയുള്ളത് ഡബ്ബിംഗ് ജോലികള്‍ മാത്രമായിരുന്നു. ത​ന്റെ ആദ്യ സിനിമ കാണാന്‍ പക്ഷേ വൈഗയ്ക്ക് ആയില്ലെന്ന് മാത്രം. അഞ്ചുചിത്രങ്ങളിൽ ‘ബില്ലി’യുടെ ഡബ്ബിങ് മാത്രമാണ് പൂർത്തിയാകാനുള്ളത്. വൈഗയുടെ ശബ്ദം മറ്റൊരാളെക്കൊണ്ട് ചെയ്യിപ്പിക്കാനാണ് അണിയറക്കാര്‍ ഒരുങ്ങുന്നത്.

രണ്ടാഴ്ചമുമ്പ് എറണാകുളത്തെ മുട്ടാർപുഴയിൽ മുങ്ങിമരിച്ച നിലയിൽ ആയിരുന്നു വൈഗയെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന അച്ഛൻ സനുമോഹനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടുമില്ല. പൂര്‍ണ്ണമായും നിഗൂഡത ഒളിപ്പിച്ചാണ് കേസ് കിടക്കുന്നത്. ആലപ്പുഴയിലെ ബന്ധുവീട്ടിൽനിന്ന്‌ കാക്കനാട് കങ്ങരപ്പടിയിലെ ഫ്ളാറ്റിലെത്തി പുറത്തുപോയ ഇരുവരെയും കഴിഞ്ഞ 22-ന് കാണാതാവുകയായിരുന്നു.

പിന്നീട് വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പിതാവ് സനുമോഹന്റെ വാഹനം വാളയാർ അതിർത്തികടന്ന്‌ പോയതായി സ്ഥിരീകരിച്ചെങ്കിലും എവിടെയുണ്ടെന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇദ്ദേഹം തമിഴ്നാട്ടില്‍ ത​ന്നെയുണ്ടെന്നും തമിഴ്നാട്ടിൽ മറ്റൊരു ഭാര്യയും ഒരു കുട്ടിയുമുണ്ടെന്ന സൂചനയുമാണ് പുറത്തുവരുന്നത്. തമിഴ്നാട്ടില്‍ പോലീസ് തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. തമിഴ്നാട് പോലീസിന്റെ സഹായത്തോടെ സനുവിനായി ഊർജിത തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്.

സനു മോഹൻ ഒളിവിൽ കഴിയുന്ന സ്ഥലത്തെ കുറിച്ച് ഏകദേശം സൂചന ലഭിച്ചതിനാൽ ഉടൻ അറസ്റ്റ് ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇയാൾ ജീവനോടെയുണ്ടെന്ന് ഉറപ്പിച്ചതോടെ കേസില്‍ ഉടന്‍ ഉത്തരം ലഭിച്ചേക്കും.