നെയ്യാറ്റിൻകര സ്വദേശി ഗോപൻ സ്വാമിയെ മക്കൾ സമാധി ഇരുത്തിയ കല്ലറ തുറന്നു പരിശോധിക്കാനുള്ള ആർ.ഡി.ഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വീട്ടുകാരുടെ ആവശ്യം ഹൈക്കോടതി നിരസിച്ചതോടെ സമാധിസ്ഥലം ഇന്ന് പൊളിക്കും.

ഭൗതികദേഹം പുറത്തെടുത്ത് കനത്ത പൊലീസ് അകമ്പടിയോടെ പോസ്റ്റുമോർട്ടം നടത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയയ്ക്കും.തുടർന്ന് ഭൗതിക ദേഹം എന്തുചെയ്യണമെന്ന് തീരുമാനിക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് മക്കൾ സമാധിയിരുത്തിയത്.ഇന്ന് എട്ടുദിവസമാവും.

സമാധി പൊളിക്കാനുള്ള ഉത്തരവ് ജില്ലാ കളക്ടർ അനുകുമാരി ഇന്ന് രാവിലെ പൊലീസിന് കൈമാറും. ഉടൻ പൊളിക്കൽ ആരംഭിക്കും. പ്രദേശത്ത് പൊലീസിനെ വിന്യസിക്കാൻ ഇന്നലെ കളക്ടർ നിർദ്ദേശം നൽകിയതിനെ തുടർന്ന് നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്.ഷാജിയുടെ നേതൃത്വത്തിൽ ഡിവിഷൻ പരിധിയിലെ എസ്.എച്ച്.ഒമാരുടെ യോഗം ചേർന്നു. 200 മീറ്റർ പരിധിയിൽ ആളുകളെ പൂർണമായും മാറ്റി വടം കെട്ടിയും ബാരിക്കേഡ് സ്ഥാപിച്ചും സ്ഥലം പൊലീസ് നിയന്ത്രണത്തിലാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആവശ്യമെങ്കിൽ ഭാര്യയെയും മക്കളെയും കരുതൽ തടങ്കലിലാക്കും. ഇതിനുള്ള നിർദ്ദേശവും കളക്ടർ നൽകി. ഇന്നലെ രാത്രി തന്നെ നെയ്യാറ്റിൻകര സ്റ്റേഷനിലെ പൊലീസ് സംഘം സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തു. പൂവാർ, കാഞ്ഞിരംകുളം, പൊഴിയൂർ, നെയ്യാറ്റിൻകര സ്റ്റേഷനുകളിലെ പൊലീസുകാർക്ക് പുറമേ കൂടുതൽ സേനയെ പ്രദേശത്ത് വിന്യസിക്കും. വിവിധ സംഘടനകളുടെ പ്രതിഷേധമുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണിത്. പ്രതിഷേധം കാരണംകല്ലറ പൊളിക്കാനുള്ള ആദ്യശ്രമത്തിൽ നിന്ന് പിൻമാറേണ്ടിവന്നിരുന്നു.

ഇൻക്വസ്റ്റ് സ്ഥലം ടാർപൊളിൻ കെട്ടി പൊലീസ് തിരിച്ചിട്ടുണ്ട്. സബ് കളക്ടർ ആൽഫ്രഡ്, നെയ്യാറ്റിൻകര തഹസീൽദാർ നന്ദകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും. ഉച്ചയ്ക്ക് മുമ്പ് നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം.