ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകമെങ്ങുമുള്ള ആംഗ്ലിക്കൻ സഭയുടെ നേതൃസ്ഥാനത്തേയ്ക്ക് വേണ്ടി പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങളോട് സഭാ നേതൃത്വം അഭ്യർത്ഥിച്ചു. അടുത്ത കാന്റർബറി ആർച്ച് ബിഷപ്പ് ആരെന്നുള്ള ചർച്ചകൾ ശക്തമാകുന്നതിനിടയാണ് ഈ നിർദ്ദേശം വന്നിരിക്കുന്നത്. ജസ്റ്റിൻ വെൽബി രാജിവച്ചതിനെ തുടർന്ന് ആണ് കാന്റർബറി ആർച്ച് ബിഷപ്പ് പദവിയിൽ ഒഴിവ് വന്നത്.
കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ഒരാളുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു എന്ന ആരോപണത്തെ തുടർന്നാണ് ജനുവരിയിൽ വെൽബി ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഏറ്റവും മുതിർന്ന പദവി ഉപേക്ഷിക്കേണ്ടതായി വന്നത് . സഭയിലോ ആംഗ്ലിക്കൻ കൂട്ടായ്മയിലെ മറ്റെവിടെയെങ്കിലുമോ ശുശ്രൂഷയിൽ മുതിർന്ന നേതൃസ്ഥാനങ്ങൾ വഹിക്കുന്നവരായിരിക്കും സ്ഥാനാർത്ഥികൾ ആകുന്നത്. 30 വയസ്സിന് മുകളിലും 70 വയസ്സിന് താഴെയുമാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. പുതിയ ആർച്ച് ബിഷപ്പിനെ നാമനിർദ്ദേശം ചെയ്യുന്ന സ്ഥാപനമായ ക്രൗൺ നോമിനേഷൻസ് കമ്മീഷന് (CNC) പേരുകൾ സമർപ്പിക്കാം.
ആളുകൾക്ക് ചർച്ച് ഓഫ് ഇംഗ്ലണ്ട് വെബ്‌സൈറ്റിൽ അവരുടെ അഭിപ്രായങ്ങൾ സമർപ്പിക്കാം. കാന്റർബറിയിലെ അടുത്ത ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുന്ന 20 അംഗ സിഎൻസി പാനൽ ഇതുവരെ ഔപചാരികമായി രൂപീകരിച്ചിട്ടില്ല. ആദ്യമായി വിദേശത്തുള്ള ആംഗ്ലിക്കൻ സഭയിൽ താമസിക്കുന്ന അഞ്ച് അംഗങ്ങളെ ഇതിൽ ഉൾപ്പെടുത്തും. തിരഞ്ഞെടുക്കപ്പെട്ട വ്യക്തിക്ക് 17 വോട്ടിംഗ് അംഗങ്ങളിൽ മൂന്നിൽ രണ്ട് പേരുടെ വോട്ടുകൾ ആവശ്യമാണ്. തുടർന്ന് പേര് പ്രധാനമന്ത്രിക്ക് നൽകും.അദ്ദേഹം അത് രാജാവിന്റെ അംഗീകാരത്തിനായി സമർപ്പിക്കും.
Leave a Reply