താമരശ്ശേരി ചുരത്തില്‍ മൂത്രമൊഴിക്കാനായി ഇറങ്ങി റോഡരികിലേക്ക് നിന്ന വിനോദയാത്രാ സംഘത്തിലെ യുവാവ് കാല് തെന്നി കൊക്കയിലേക്ക് വീണ് മരിച്ചു. വടകര വളയം തോടന്നൂര്‍ വരക്കൂര്‍ സ്വദേശിയായ അമല്‍ജിത്ത് (23) ആണ് മരിച്ചത്. താമരശ്ശേരി ഒന്‍പതാം വളവിന് താഴെ കുപ്പിക്കഴുത്തിന് സമീപമുള്ള മിനി വ്യൂ പോയിന്റില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം.
കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി നോക്കുന്ന അമല്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകവേയായിരുന്നു അപകടം. അറുപതടിയോളം താഴ്ചയിലേക്ക് പതിച്ച അമല്‍ജിത്തിനെയും രക്ഷപ്പെടുത്താന്‍ ഇറങ്ങിയ അമല്‍ ദാസ്, പ്രസാദ് എന്നിവരെയും കല്‍പ്പറ്റ ഫയര്‍ഫോഴ്സ് സംഘമാണ് രക്ഷപ്പെടുത്തി മുകളിലേക്കെത്തിച്ചത്.
അടിവാരം ഔട്ട് പോസ്റ്റ് പോലീസും താമരശ്ശേരി ഹൈവേ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.തലയ്ക്ക് ഉള്‍പ്പെടെ ക്ഷതമേറ്റ ഇദ്ദേഹത്തെ ആംബുലന്‍സില്‍ കയറ്റി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. താമരശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പിന്നീട് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി
Leave a Reply