ആകാശഗംഗയിലെ യക്ഷി കഥാപാത്രത്തെ ഇന്നും മലയാളികള്‍ മറന്നിട്ടില്ല. അത്രയേറെ ജനശ്രദ്ധയാണ് ആ ഒറ്റ കഥാപാത്രം മയൂരി എന്ന നടിക്ക് നേടിക്കൊടുത്തത്. പിന്നീട് സമ്മര്‍ ഇന്‍ ബത്ലഹേം, ചന്ദാമാമാ, പ്രേം പൂജാരി, അരയന്നങ്ങളുടെ വീട് എന്നീ ചിത്രങ്ങളിലും മയൂരി തിളങ്ങി. എന്നാല്‍ പ്രശസ്തിയിലേക്കുയര്‍ന്നുവന്ന സമയത്താണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് തന്റെ 22-ാം വയസില്‍ മയൂരി ആത്മഹത്യ ചെയ്യുന്നത്. എന്തിന് മയൂരി ആത്മഹത്യ ചെയ്‌തെന്ന ചര്‍ച്ചകള്‍ ഏറെ ഉണ്ടായെങ്കിലും ആര്‍ക്കും ഒരു സ്ഥിരീകരണത്തിലെത്താനായില്ല. പെട്ടെന്ന് തന്നെ മലയാളത്തിന് ആ നടിയെ നഷ്ടമായി. ഇന്നും മയൂരിയുടെ ആത്മഹത്യ ചുരളഴിയാത്ത സംഭവമാണ്. മയൂരിയെക്കുറിച്ച് നടി സംഗീത ഓര്‍ക്കുന്നു.

ഒരു പൊട്ടിപ്പെണ്ണായിരുന്നു അവള്‍ എന്ന് സംഗീത പറയുന്നു. എന്നേക്കാള്‍ മൂന്ന് വയസിന് ഇളയതായിരുന്നു. മുടി കെട്ടുന്നത് പോലും എന്നോട് ചോദിച്ചിട്ടാണ്. ഷൂട്ടിങ് തീര്‍ന്ന് മുറിയിലെത്തിയാല്‍ പിന്നെ കളിപ്പാട്ടങ്ങള്‍ക്കൊപ്പമായിരിക്കും. മയൂരി പിന്നീട് ആത്മഹത്യ ചെയ്തു. വ്യക്തിജീവിതവും സിനിമാ ജീവിതവും തികച്ചും വ്യത്യസ്തമാണ്. രണ്ടും ഒന്നിച്ചു കൊണ്ടുപോകാന്‍ നല്ല വഴക്കം വേണം. ആ വഴക്കം മയൂരിക്കില്ലായിരുന്നുവെന്നാണ് തോന്നിയതെന്നും സംഗീത പറയുന്നു.

മയൂരിയുടെ അടുത്ത സുഹൃത്തുക്കള്‍ക്കു പോലും താരം എന്തിന് ഇങ്ങനെ ഒരു കടുംകൈയ്ക്ക് മുതിര്‍ന്നു എന്ന് ചോദിക്കും. ഉത്തരം കിട്ടാത്ത ചോദ്യം. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ സമ്മര്‍ ഇന്‍ ബത്ലഹേം എന്ന ചിത്രത്തിലാണ് സംഗീതയും മയൂരിയും ഒന്നിച്ചഭിനയിച്ചത്.