ലാലി രംഗനാഥ്
ഏതു യാത്രയുടെയും അവസാനത്തെ ദിവസം എനിക്ക് മനസ്സിൽ വല്ലാത്ത ഒരു നോവ നുഭവപ്പെടും. എനിക്കു മാത്രമാണോ എന്നറിയില്ല ഒരുപക്ഷേ ചിലരെങ്കിലും എന്റെ മാനസികാവസ്ഥയിലൂടെ തന്നെ കടന്നു പോകുന്നവർ ആയിരിക്കും.
ഹാരിസ് തലേന്ന് ശുഭരാത്രി പറയുമ്പോൾ നാളെ ഒരു ദിവസം കൂടിയേ നമ്മൾ മണാലിയിലുള്ളൂ എന്ന് ഓർമ്മിപ്പിക്കാൻ മറന്നില്ല. പിറ്റേന്ന് റിവർ റാഫ്റ്റിംഗും പൂർത്തീകരിക്കാത്ത മാൾറോഡ് ഷോപ്പിംഗും ആണെന്ന് പറഞ്ഞത് ചില ഷോപ്പിംഗ് ഭ്രമക്കാരിലെങ്കിലും ഒരുണർവ് ഉണ്ടാക്കിയിരുന്നു.
പിറ്റേന്ന് രാവിലെ റിവർ റാഫ്റ്റിംഗ് എന്ന സാഹസികമായ ജലയാത്രയ്ക്ക് എല്ലാവരും മാനസികമായി തയ്യാറെടുത്തു കൊണ്ട് തന്നെ പ്രഭാത ഭക്ഷണവും കഴിഞ്ഞ് യാത്ര തിരിച്ചു. ബിയാസ് നദിയുടെ ഓളങ്ങളോട് കിന്നാരം പറഞ്ഞ്, ഒച്ചയും ബഹളവുമായി വളരെ ആവേശകരമായുള്ള ആ യാത്ര അല്പം ഭീതിയൊക്കെയുണ്ടാക്കിയെങ്കിലും, അവിസ്മരണീയമായ ഒന്നുതന്നെയായിരുന്നു.
ഉച്ചയോടു കൂടി മാൾ റോഡിൽ എത്തിയ ഞങ്ങളിൽ പലരും ഭക്ഷണത്തിനായി, പല ഹോട്ടലുകളെയാണ് ആശ്രയിച്ചത്. പഞ്ചാബി ഭക്ഷണമൊന്നു പരീക്ഷിച്ചു നോക്കാമെന്നാണ് അന്നെനിക്ക് തോന്നിയത്. വളരെ സ്വാദേറിയ ബട്ടർ ചിക്കനും കുൽച്ചെയും കഴിച്ച്,ഹോട്ടലിൽ നിന്നും ഇറങ്ങിയപ്പോൾ പലരും ഷോപ്പിംഗ് ചെയ്തു തുടങ്ങിയിരുന്നു. ആഹ്ലാദം നിറഞ്ഞ അവരുടെ മുഖം കണ്ടപ്പോളെനിക്കും അവരോടൊപ്പം കൂടി ‘ബാർഗയിൻ ചെയ്യുക’.. എന്ന കല മനസ്സിലാക്കാനുള്ള ഒരു കൗതുകം തോന്നി. കുറച്ചുസമയത്തിനകം തന്നെ എന്റെ കൈപ്പിടിയിൽ ഒതുങ്ങാത്തതാണതെന്നു മനസ്സിലാക്കി, വെറുതെ കാഴ്ചക്കാരിയായി മാറി നിൽക്കേണ്ടി വന്നു. കരവിരുതിനാൽ മോടികൂട്ടിയ ഷാളുകൾ എന്നെ ഏറെ ആകർഷിച്ചതിനാൽ, നാലഞ്ചു ഷോളുകൾ വാങ്ങി എന്റെ ഷോപ്പിംഗ് അവസാനിപ്പിച്ചു.
അപ്പോഴാണ് അവിടെ അടുത്ത് തന്നെയുള്ള ടിബറ്റൻ മൊണാസ്ട്രിയെക്കുറിച്ച് അറിയാനിടയായത്.ഷോപ്പിംഗ് തൽപരരല്ലാത്ത, ഞങ്ങൾ ചെറിയൊരു സംഘം അടുത്തുതന്നെയുള്ള ടിബറ്റൻ മൊണാസ്ട്രി സന്ദർശിക്കാൻ തീരുമാനിച്ചു. മാൾ റോഡിലെ വലിയ തിരക്കുകൾക്കിടയിൽ നിന്നും ഹൃദ്യമായ ഒരു ശാന്തതയിലേക്ക് പറിച്ച് നടപ്പെട്ടപ്പോൾ മനസ്സിന് വല്ലാത്തൊരുന്മേഷം തോന്നി. മനോഹര കൊത്തുപണികളുള്ള കവാടം. മൊണാസ്ട്രിക്ക് മുന്നിൽ നൂറിലേറെ ടിബറ്റൻ പ്രയർ ഫ്ലാഗുകൾ. ഇവ എപ്പോഴും കാറ്റിൽ പറന്നുകൊണ്ടിരിക്കണമെന്നാണത്രേ ടിബറ്റൻ വിശ്വാസം. ആ കാറ്റ് മന്ത്രങ്ങളെ പ്രപഞ്ചത്തിലാകമാനം വ്യാപിപ്പിക്കുമെന്നും, ഫ്ലാഗിന്റെ ഓരോ ചലനവും ഓരോ മൗന പ്രാർത്ഥനയാണെന്നും, അവർ വിശ്വസിക്കുന്നു. എന്തുതന്നെയായാലും അവിടം വിട്ടിറങ്ങുമ്പോൾ മനസ്സ് വല്ലാത്ത ഒരു ശാന്തതയെ പുൽകിയിട്ടുണ്ടായിരുന്നു.
മടക്കയാത്രയുടെ ചെറിയൊരു നോവ് ഉള്ളിലൊ തുക്കി,അഞ്ചുമണിയായപ്പോഴേക്കും ഞാനും ഭർത്താവും ബസ്സിൽ കയറി ഇടം പിടിച്ചിരുന്നു.
പിറ്റേന്ന് രാവിലെ ഒൻപത് മണിക്ക് മണാലിയോട് വിട പറയുമ്പോൾ വല്ലാത്തൊരു വിഷമം തോന്നി. കാരണം ഡൽഹി വരെയുള്ള ബസ് യാത്രയ്ക്ക് ശേഷം ഞാനും ഭർത്താവും മാത്രം ബാംഗ്ലൂർക്കാണ് യാത്ര ചെയ്യേണ്ടതെന്ന കാര്യം ഓർമ്മയിൽ വന്നപ്പോൾ ഒരു കുടുംബം പോലെ ഒന്നിച്ച് അഞ്ചു ദിവസം കഴിഞ്ഞ കൂട്ടുകാരെ പിരിയേണ്ടി വരുമല്ലോ എന്ന ഒരു സത്യം പത്തി വിടർത്തി മുന്നിൽ നിന്നതുപോലെ.
ഡൽഹിയിൽ നിന്നും ബാംഗ്ലൂരിലേക്ക് ഫ്ലൈറ്റ് കയറിയത് ഞാനും ഭർത്താവും മാത്രമായിരുന്നില്ല, കൂടെ കുളിരുള്ള മണാലിയുടെ ആവാഹിച്ചെടുത്ത സൗന്ദര്യവും മറക്കാനാവാത്ത കുറെ ഓർമ്മകളും കൂടിയായിരുന്നു.. ഇന്നും ആ ഓർമ്മകൾ പലപ്പോഴും മനസ്സിന് കുളിർമയേകാറുണ്ട്..
അവസാനിച്ചു.
ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള് – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്വര
അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്റെ ദേശീയ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം.
Leave a Reply