ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിലെ ഉജ്വല ജയത്തിനു പിന്നാലെ, സമൂഹ മാധ്യമങ്ങളിൽ വീണ്ടും തരംഗമായി രാജസ്ഥാൻ റോയൽസ്. ഐപിഎൽ സീസണിൽ, 491 റൺസോടെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തുള്ള ജോസ് ബട്‌ലര്‍ ക്യാപ്റ്റൻ സഞ്ജു സാംസണൊപ്പം കറുത്ത മുണ്ടുടുത്തു നിൽക്കുന്ന വൈറൽ ചിത്രം ‘അടിപൊളി ബട്‌ലർ ചേട്ടൻ’ എന്ന ടാഗ്‌ലൈനോടെ ക്ലബ് അധികൃതർ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചു.

പിന്നാവെ യുസ്‌വേന്ദ്ര ചെഹൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്മയർ, ഡാർയിൽ മിച്ചെൽ എന്നിവരും സഞ്ജുവിനൊപ്പം മുണ്ടുടുത്തു നിൽക്കുന്ന ചിത്രവും എത്തി. അതിനു മുൻപുതന്നെ, ക്ലബ് അധികൃതർ മറ്റൊരു വിഡിയോയും സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിരുന്നു. ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനും ജോസ് ബട്‌ലറും പരസ്പരം ചോദ്യങ്ങൾ ചോദിക്കുന്ന തരത്തിലാണു വിഡിയോ തയ്യാറാക്കിയിരിക്കുന്നത്.

രവിചന്ദ്രൻ അശ്വിൻ പഞ്ചാബിൽ കളിച്ചിരുന്ന കാലത്ത് വിവാദ മങ്കാദിങ്ങിലൂടെ ബട്‌ലറെ പുറത്താക്കിയിരുന്നു. ഇതാണ് ഇരുവരെയും ആദ്യമായി ബന്ധപ്പെടുത്തിയ സംഭവം. പിന്നാലെ ഗ്രൗണ്ടിൽ ഇരു താരങ്ങളും തർക്കത്തിലും ഏർപ്പെട്ടിരുന്നു. സീസണിൽ അശ്വിൻ രാജസ്ഥാനൊപ്പം ചേർന്നതോടെയാണ് ഇരുവരുടെയും ബന്ധം മെച്ചപ്പെട്ടത്.

രാജസ്ഥാൻ അധികൃതർ പങ്കുവച്ച വിഡിയോയിൽ അശ്വിന്റെ ഒരു ചോദ്യം ഇങ്ങനെ, ‘എന്നെപ്പറ്റിയുള്ള താങ്കളുടെ ആദ്യ അഭിപ്രായമെന്ത്’?

മങ്കാദിങ് വിവാദം മനസ്സിലേക്ക് ഓടിയെത്തിയതുകൊണ്ടാകണം, ചെറു ചിരിയോടെ ബട്‌ലർ പറഞ്ഞു ‘അക്കാര്യം ഇപ്പോൾ ഇവിടെ പറയാനാകില്ല’. പിന്നാലെ അൽപം ആലോചിച്ചതിനു ശേഷം, ‘കളി നന്നായി നിരീക്ഷിക്കുന്ന, മനസ്സിലാക്കുന്ന ആൾ. ബോളിങ് എങ്ങനെ മെച്ചപ്പെടുത്താം, കൂടുതൽ വ്യത്യസ്തമായ പന്തുകൾ എങ്ങനെ എറിയാം തുടങ്ങിയ കാര്യങ്ങളാകും എപ്പോഴും ആലോചിക്കുക’– ബട്‌ലറുടെ മറുപടി.

രാജസ്ഥാൻ റോയൽസ് ബോളർമാരിൽ, ഏറ്റവും ഒഴിവാക്കാൻ ശ്രമിക്കുന്നത് കുൽദീപ് സെന്നിനെയാണെന്നും വളരെ വേഗത്തിലാണു സെൻ പന്തുകൾ എറിയുന്നതെന്നും ബട്‌ലർ പറയുന്നുണ്ട്.

ഐപിഎല്ലിൽ സിക്സർ അടിക്കാൻ ഏറ്റവും അധികം ആഗ്രഹിക്കുന്നത് ഇംഗ്ലണ്ട് സഹതാരം മോയിൻ അലിയെയാണെന്നും ഇങ്ങനെ പറഞ്ഞ നിലയ്ക്ക് ഇനി മോയിൻ എന്നെ ഉറപ്പായും ഔട്ടാക്കുമെന്നും ബട്‌ലർ ചിരിയോടെ പറഞ്ഞു. ക്രിക്കറ്റ് താരം ആയില്ലായിരുന്നെങ്കിൽ ഉറപ്പായും പോസ്റ്റ്മാൻ ആകുമായിരുന്നു. രാവിലെ കത്തുകൾ എത്തിച്ചു നൽകിയതിനു ശേഷം ഉച്ചകഴിഞ്ഞ് ഗോൾഫ് കളിക്കാമെന്നതാണ് ഇതിനു കാരണമെന്നും ബട്‌ലർ പറയുന്നു.