രാജ്യത്തുടനീളമുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍മ്മ പദ്ധതിയുമായി റെയില്‍വേ. രാജ്യത്തെ തിരക്കേറിയ 60 സ്റ്റഷേനുകളില്‍ തിരക്ക് നിയന്ത്രണ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. മഹാ കുംഭമേളയോടനുബന്ധിച്ച് ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുള്ള തിക്കിലും തിരക്കിലും നിരവധിപേര്‍ മരിക്കാനിടയായതിന്റെ പശ്ചാത്തലത്തിലാണ് റെയിവേ ഇത്തരമൊരു നടപടിയിലേക്ക് കടന്നത്. ഇന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ പദ്ധതി സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ എടുത്തതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പുറത്ത് കാത്തിരിപ്പ് കേന്ദ്രങ്ങളൊരുക്കും. ട്രെയിന്‍ സ്റ്റേഷനിലെത്തിയാല്‍ മാത്രമേ പ്ലാറ്റ്ഫോമുകളിലേക്ക് ആളുകളേ കടത്തിവിടുകയുള്ളൂ.
ന്യൂഡല്‍ഹി, ആനന്ദ് വിഹാര്‍, അയോധ്യ, പട്ന റെയില്‍വേ സ്റ്റേഷനുകളില്‍ ഈ പദ്ധതി ഇതിനോടകം ആരംഭിച്ചതായും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു.
റിസര്‍വേഷന്‍ കണ്‍ഫേം ആയിട്ടുള്ള യാത്രക്കാരെ മാത്രമേ പ്ലാറ്റ്ഫോമുകളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. ഈ സ്റ്റേഷനുകളിലെ അനധികൃത പ്രവേശന പോയിന്റുകള്‍ അടച്ചുപൂട്ടുന്നതിനൊപ്പം, പൂര്‍ണ്ണമായ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫൂട്ട് ഓവര്‍ ബ്രിഡ്ജുകളുടെ വീതി കൂട്ടുന്നതാണ് മറ്റൊരു തീരുമാനം. 12 മീറ്റര്‍, ആറ് മീറ്റര്‍ വീതികളിലുള്ള പുതിയ ഡിസൈനിലെ ഫൂട്ട് ഓവര്‍ ബ്രിഡ്ജുകളാകും നിര്‍മിക്കുക. കുംഭമേളയില്‍ ഇത്തരം വീതി കൂടിയ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് തിരക്ക് നിയന്ത്രണത്തിന് ഫലപ്രദമായിരുന്നുവെന്നാണ് കണ്ടെത്തല്‍.
സ്റ്റേഷനുകളിലും പരിസര പ്രദേശങ്ങളിലും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രധാന സ്റ്റേഷനുകളില്‍ വാര് റൂമുകള്‍ സ്ഥാപിക്കും. എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളും കോര്‍ഡിനേറ്റ് ചെയ്ത് തിരക്ക് നിയന്ത്രിക്കുന്നതിനാണ് ഈ വാര് റൂമുകള്‍.
ഓരോ പ്രധാന സ്റ്റേഷനിലും ഒരു സ്റ്റേഷന് ഡയറക്ടര്‍ ഉണ്ടായിരിക്കും. സാമ്പത്തിക തീരുമാനങ്ങള്‍ ഉടനടി എടുക്കാന്‍ അധികാരമുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായിരിക്കും ഈ ഡയറക്ടര്‍.
സ്റ്റേഷന്റെ ശേഷിയും ട്രെയിനുകളുടെ എണ്ണത്തിനും അനുസരിച്ച് ടിക്കറ്റ് വില്പന നിയന്ത്രിക്കാനും ഈ ഡയറക്ടര്‍ക്ക് അധികാരമുണ്ടായിരിക്കും.
അതേ സമയം പദ്ധതി നടപ്പാക്കുന്ന 60 സ്റ്റേഷനുകളുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Leave a Reply