ഫാ. ഹാപ്പി ജേക്കബ്ബ്

ഔദാര്യം – ആവശ്യം ഉള്ളിടത്ത് സ്വീകാര്യവും സ്വീകരിക്കപ്പെട്ടു കഴിഞ്ഞാൽ അസ്വീകാരവും പിന്നെ അതിലേറെ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നതുമാണ്. ദയയുടെ ഭാഗമായി ചിന്തിക്കുമ്പോൾ അർത്ഥം കൂടുതൽ മനസ്സിലാകും എന്നാൽ കൊടുത്ത് കഴിഞ്ഞിട്ടും പിന്നെയും അതിന് പുറകെ പോകുകയും ദയയിൽ നിന്ന് മാറ്റി അല്പം അഹംഭാവം ചേരുമ്പോൾ ചെയ്തതിന് അർത്ഥമില്ലാതെ പോകുകയും ചെയ്യും. ഇത് ഇന്നത്തെ പ്രസക്തമായ ചിന്താ ഭാഗമാണ്. എന്നാൽ നാലു വ്യക്തികളുടെ കരുണയിലും സ്നേഹത്തിലും വിശ്വാസത്തിലും തികഞ്ഞ ഔദാര്യം ഒരു മനുഷ്യനെ എങ്ങനെ രൂപാന്തരപ്പെടുത്തി എന്നാണ് ഈ വലിയ നോമ്പിന്റെ മൂന്നാം ആഴ്ച നാം ചിന്തിക്കുന്നത്. വി. മർക്കോസ് 2 : 1 – 12 വിശ്വാസം നാം എല്ലാവരും പുലർത്തുന്ന സ്വഭാവമാണ്. ദൈവത്തിൽ വിശ്വസിക്കുക, മനുഷ്യരിൽ വിശ്വസിക്കുക, തന്നെ തന്നെ വിശ്വസിക്കുക എന്തിലേറെ നാം യാത്ര ചെയ്യുന്ന വാഹനം അത് നിയന്ത്രിക്കുന്ന ഡ്രൈവർ ഇങ്ങനെ അനുദിന ജീവിതത്തിൽ വിശ്വസിക്കേണ്ട സാധ്യതകൾ അനവധിയാണ്. ഈ വേദഭാഗത്ത് വിശ്വാസം മാത്രമല്ല അതിനോട് ചേർന്നുള്ള പ്രവർത്തനം കൂടിയായപ്പോൾ അവരുടെ ആഗ്രഹം സഫലീകരിക്കപ്പെടുകയും ഏവർക്കും വിശ്വാസ പൂർത്തീകരണത്തിന് പ്രചോദനം ആവുകയും ചെയ്തു.

കർത്താവ് ആ നഗരത്തിൽ എത്തിയപ്പോൾ ധാരാളം ജനങ്ങൾ അവന്റെ പിന്നാലെ വന്ന് അവൻറെ വചനം കേൾക്കുകയും അത്ഭുതങ്ങൾ ദർശിക്കുകയും ചെയ്തു. അപ്പോഴാണ് നാല് പേർ ഒരുവനെ ചുമന്ന് വരുന്നത് ലക്ഷ്യം സൗഖ്യം നേടണം. പ്രതിബന്ധങ്ങളോ അനവധി. ജനക്കൂട്ടം, വീട്, മേൽക്കൂര ഇങ്ങനെ നീളുന്നു പ്രശ്നങ്ങൾ. എന്നാൽ അവർ ദൃഢനിശ്ചയത്തോടെ മേൽക്കൂര പൊളിച്ച് കട്ടിലോടു കൂടി അവനെ കത്തൃസന്നിധിയിൽ എത്തിക്കുന്നു. സൗഖ്യത്തിനും അത്ഭുതത്തിനും നമ്മെ സഹായിക്കുന്ന ചില ചിന്തകൾ . ഈ സംഭവങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിക്കാം.

1 . അപേക്ഷയും പ്രാർത്ഥനയും വിശ്വാസത്തോടുകൂടി ആയിരിക്കണം

നാം വസിക്കുന്ന ഇടങ്ങളിലും കാണും ഇതുപോലെ കഷ്ടപ്പെടുന്ന ആളുകൾ. നിത്യവൃത്തിക്ക് സാധ്യതയില്ല, ജോലിയോ ഉത്തരവാദിത്വമോ നിവർത്തിക്കുവാൻ കഴിയാത്തവർ, വേദനയിലും രോഗത്തിലും കഴിയുന്നവർ. അവരെ ആശ്വസിപ്പിക്കുവാനും, ആഹാരം നൽകുവാനും ചിലപ്പോൾ നമുക്ക് കുറച്ചുനാൾ കഴിഞ്ഞു എന്ന് വന്നേക്കാം. എന്നാൽ ഈ നാല് പേർ ചിന്തിക്കുന്നത് എന്ത് കഷ്ടം സഹിച്ചാലും നിത്യമായ സൗഖ്യം അവന് നേടിക്കൊടുക്കണം. ഞാൻ പ്രാർത്ഥിക്കാം ഞാൻ ചെയ്യാം എന്നീ വാഗ്ദാനങ്ങൾ അല്ല അപ്രകാരം അവർ പ്രവർത്തിച്ചു. അവരുടെ വിശ്വാസം കണ്ട്, അവരുടെ പ്രവർത്തനം കണ്ട് അവരുടെ നിശ്ചയം കണ്ട് കർത്താവ് അവന് സൗഖ്യം നൽകി.

2 . ശാരീരിക സൗഖ്യവും ആന്തരിക സൗഖ്യവും പ്രാർത്ഥനയുടെ ഫലം

ആ സംസാരം ഒന്ന് ശ്രദ്ധിക്കുക. തളർന്ന് കിടക്കുന്നവനെ കണ്ടിട്ട് കർത്താവ് പറയുകയാണ് മകനേ നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നുവെന്ന്. കൊണ്ട് വന്നവർ അവൻറെ ശരീര ബുദ്ധിമുട്ടാണ് കണ്ടതെങ്കിൽ സൗഖ്യ ദാതാവ് അവൻറെ ആത്മാവിൻറെ കളങ്കങ്ങളും മാറ്റി കൊടുക്കുന്നു. നോമ്പിന്റെ ദിവസങ്ങൾ ഭക്ഷണം ത്യജിക്കുക മാത്രമല്ല പാപങ്ങൾ മോചിക്കപ്പെടുക എന്ന് കൂടി വ്യാപ്തിയോടെ നാം ഉൾക്കൊള്ളുക. ഈ അനുഭവം ആണ് നാം പ്രാർത്ഥിക്കുമ്പോൾ അനേകർ പ്രാർത്ഥിക്കുമ്പോൾ നാം പോലും അറിയാതെ രോഗങ്ങൾ നമ്മിൽ നിന്ന് അകന്ന് പോകുന്നത്. പാപമോചനം ദൈവത്തിൻറെ ഔദാര്യമാണ്. അതുകൊണ്ടാണ് അവന്റെ കൃപയാണ് ജീവിത നിലനിൽപിന് കാരണമെന്ന് ശ്ലീഹന്മാർ പഠിപ്പിച്ചത്. മറ്റുള്ളവരുടെ കടങ്ങൾ പൊറുത്തത് പോലെ എന്റെ കടങ്ങളേയും പൊറുക്കണമെന്ന് പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചത്. എഴുന്നേൽക്കുക നടക്കുക എന്നുള്ളത് ശരീര സൗഖ്യവും, പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നത് പാപമോചനം ആയി നാം മനസ്സിലാക്കുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

3 . പാപമോചനം ദൈവത്തിലൂടെ മാത്രം.

കർത്താവ് അരുളിചെയ്തു. നീ കിടക്ക എടുത്ത് വീട്ടിലേക്ക് പോകുക. ഈ മനുഷ്യൻ എന്തിനെ ആശ്രയിച്ചാണോ അവിടേക്ക് വന്നത് അതിനെ നിസ്സാരമായി അവൻ എടുത്തു കൊണ്ട് പോകുന്നു. ദൈവത്തിങ്കലേക്ക് വരുവാൻ പല മാർഗങ്ങൾ നാം അവലംബിക്കാറുണ്ട്. എന്നാൽ പലപ്പോഴും ഈ മാർഗങ്ങൾക്ക് ദൈവ പ്രാധാന്യം നാം കൊടുക്കും. യഥാർത്ഥ ലക്ഷ്യം മറക്കുകയും ചെയ്യും. ഈ ഒറ്റ സംഭവത്തിൽ പാപം മോചിക്കുവാൻ തനിക്ക് അധികാരം ഉണ്ടെന്ന് ജനത്തിന് കാട്ടി കൊടുക്കുകയും ചെയ്തു.

അധ്വാനിക്കുകയും ഭാരം ചുമക്കുകയും ചെയ്യുന്നവരെ നിങ്ങൾ എന്റെ അടുത്ത് വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം (വി. മത്തായി 11: 18 – 20) എന്ന ആഹ്വാനം ചെവി കൊള്ളുക. നമ്മുടെ ശാരീരിക ആന്തരിക ബലഹീനത മാത്രമല്ല നമ്മുടെ വിശ്വാസ പ്രവർത്തനം മൂലം അനേകർക്ക് സൗഖ്യം നേടുവാനും സാധാരണ ജീവിതത്തിലേയ്ക്ക് വരുവാനും അങ്ങനെ ദൈവപ്രീതി ഉള്ളവരായി തീരുവാനും നമുക്ക് കഴിയട്ടെ.

പ്രാർത്ഥനയിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907