ന്യൂഡല്‍ഹി : രാജ്യത്തെ കൊറോണ പരിശോധനകളുടെ എണ്ണം പ്രതിദിനം പത്ത് ലക്ഷമായി വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി.
ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ രാജ്കുമാരി അമൃത് കൗര്‍ ഒപിഡി ബ്ലോക്ക് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ 9 ലക്ഷത്തിലധികം പേരെ ബാധിച്ച മഹാമാരിയെ ജയിക്കുന്നതിനുള്ള യാത്ര നാം തുടങ്ങി കഴിഞ്ഞു. 12 ആഴ്ച്ചകള്‍ക്കകം കൊറോണ പരിശോധനകളുടെ എണ്ണം 10 ലക്ഷമായി വര്‍ദ്ധിപ്പിക്കും.
രാജ്യത്തെ രോഗബാധിതരില്‍ രണ്ടു ശതമാനം പേര്‍ മാത്രമാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണ പരിശോധനാ ലാബുകളുടെ എണ്ണം 1234 ആയി ഉയര്‍ത്തിയിട്ടുണ്ട്. കൊറോണ പ്രതിരോധത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലം കണ്ടു തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലും രോഗമുക്തി നേടുന്നവരുടെ വര്‍ദ്ധനവ് ആശ്വാസകരമാണ്. 63.25 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.