ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ കണ്ടെത്തിയ അപൂർവ്വ നാണയം ഏകദേശം 5000 പൗണ്ടിന് ലേലത്തിൽ വിറ്റു. റോമൻ കാലത്തെ ഈ നാണയം ഡഡ്‌ലി ഫീൽഡിൽ നിന്ന് ആണ് കണ്ടെത്തിയത്. വെസ്റ്റ് മിഡ്‌ലാൻഡിലെ കിംഗ്‌സ്‌വിൻഫോർഡിൽ നിന്നുള്ള റോൺ വാൾട്ടേഴ്‌സ് (76) കഴിഞ്ഞ വർഷം ഡഡ്‌ലിക്ക് സമീപമുള്ള വാൾ ഹീത്തിൽ തൻ്റെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നാണയം കണ്ടെത്തുകയായിരുന്നു. യുകെയിൽ ഈ ഗണത്തിൽപ്പെട്ട ഒരു നാണയം മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
1900 വർഷത്തിലേറെ പഴക്കമുള്ള നാണയം തൻറെ ശേഖരത്തിൽ ചേർക്കുവാൻ ലേലം വിളിച്ചയാൾക്ക് അതീവ സന്തോഷമുണ്ടെന്ന് ലേലത്തിന് നേതൃത്വം നൽകിയ മാർക്ക് ഹന്നാം പറഞ്ഞു. ആഭ്യന്തരയുദ്ധകാലത്ത് വെറും എട്ട് മാസം ഭരിച്ചിരുന്ന ഓലസ് വിറ്റെലിയസ് ചക്രവർത്തിയെയാണ് നാണയത്തിൽ ചിത്രീകരിക്കുന്നത്. ആരുടെ ഭൂമിയിൽ നാണയം കണ്ടെത്തിയോ ആ കർഷകന് വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിൻ്റെ പകുതി ലഭിക്കും, നാണയം കണ്ടെത്തിയ വാൾട്ടേഴ്സിന് ബാക്കി തുക ലഭിക്കും. എന്നാൽ ഈ നാണയം വളരെ കുറഞ്ഞ വിലയ്ക്കാണ് വിറ്റുപോയത് എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞവർഷം സ്വിറ്റ്‌സർലൻഡിൽ ഏകദേശം 50,000 പൗണ്ടിനാണ് സമാനമായ കാല പഴക്കമുള്ള ഒരു നാണയം വിറ്റു പോയത്.
അടുത്തിടെ അതിപുരാതന കാലത്തെ എന്നു കരുതുന്ന അമൂല്യമായ വസ്തുക്കൾ യുകെയിൽ വേറെ സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയത് വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. നോർത്ത് യോർക്ക്ഷെയറിലെ മെൽസൺബിക്ക് സമീപമാണ് നിധി കണ്ടെത്തിയത്. ഇതിൽ ക്ലോഡിയസ് ചക്രവർത്തിയുടെ കീഴിലുള്ള റോമൻ അധിനിവേശ കാലത്തുള്ളവയെന്ന് കരുതപ്പെടുന്ന ഒന്നാം നൂറ്റാണ്ടിലെ 800-ലധികം വസ്തുക്കൾ അടങ്ങിയിട്ടുണ്ട്. നോർത്തേൺ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗവും നിയന്ത്രിച്ചിരുന്ന ബ്രിഗന്റസ് എന്ന ഗോത്രവുമായി ഈ വസ്തുക്കൾ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. വണ്ടികളുടെയോ രഥങ്ങളുടെയോ ഭാഗങ്ങൾ, 28 ഇരുമ്പ് ടയറുകൾ, കുറഞ്ഞത് 14 കുതിരകൾക്കുള്ള കവചങ്ങൾ, കടിഞ്ഞാൺ കഷണങ്ങൾ, ആചാരപരമായ കുന്തങ്ങൾ, രണ്ട് അലങ്കരിച്ച കുടങ്ങൾ എന്നിവ നിധി ശേഖരത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുമ്പുയുഗ ഗോത്രങ്ങൾക്കിടയിലെ സമ്പത്ത്, പദവി, വ്യാപാരം, യാത്ര എന്നിവയെ കുറിച്ചുള്ള നമ്മുടെ ധാരണയെ പുനർനിർമ്മിക്കാൻ പുതിയ കണ്ടെത്തലിന് കഴിഞ്ഞേക്കാം. ഈ കണ്ടെത്തൽ അന്താരാഷ്ട്രതലത്തിൽ പ്രാധാന്യമുള്ളതായി വിദഗ്ദ്ധർ കരുതുന്നു.
Leave a Reply