ലണ്ടന്‍: മദ്യപാനം മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളേക്കുറിച്ചും ക്യാന്‍സര്‍ സാധ്യതയേക്കുറിച്ചുമുള്ള വിവരങ്ങള്‍ മദ്യവ്യവസായ മേഖല മറച്ചുവെക്കുന്നുവെന്ന് ആരോപണം. അതിനു പകരം തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള സന്ദേശങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനും സ്വീഡനിലെ കരോളിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ പഠനം വ്യക്തമാക്കുന്നു. പുകയില വ്യവസായത്തില്‍ നടക്കുന്നതുപോലെ തന്നെ മുന്നറിയിപ്പുകളെ മറ്റു വിധത്തില്‍ ചിത്രീകരിക്കുകയാണേ്രത ചെയ്യുന്നത്.

ക്യാന്‍സര്‍ സാധ്യതയേക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്‌പോലും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണെന്ന് 30 മദ്യക്കമ്പനികളുടെ വെബ്‌സൈറ്റുകളിലും മറ്റും നടത്തിയ നിരീക്ഷണത്തില്‍ കണ്ടെത്തി. മദ്യപാനവും ക്യാന്‍സറുമായി നേരിട്ട് ബന്ധമില്ലെന്ന മട്ടിലാണ് മിക്കവരും ബോധവല്‍ക്കരണം നടത്തുന്നത്. മദ്യപാനവും ക്യാന്‍സറും തമ്മിലുള്ള ബന്ധം വളരെ സങ്കീര്‍ണ്ണമാണെന്ന കാഴ്ചപ്പാടാണ് ഇത് ഉപയോക്താക്കളില്‍ സൃഷ്ടിക്കുകയെന്നാണ് ഗവേഷകര്‍ പറയുന്നത്.

ചെറിയ അളവിലുള്ള മദ്യപാനം ദോഷകരമല്ലെന്ന വിധത്തിലുള്ള സന്ദേശങ്ങളും ക്യാന്‍സറിന്റെ കാരണങ്ങളില്‍ ഒന്നു മാത്രമാണ് മദ്യമെന്നുള്ള പ്രചാരണങ്ങളും ഇതിന്റെ ഭാഗമാണ്. സ്തനാര്‍ബുദം പോലെയുള്ള മാരകമായ ക്യാന്‍സറുകള്‍ക്ക് മദ്യം കാരണമാകാമെന്നത് പ്രചാരണങ്ങൡ ഉള്‍പ്പെടുത്താന്‍ മദ്യവ്യവസായം തയ്യാറാകുന്നില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.