ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : യുകെയുടെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള സാധ്യത ഇന്ത്യൻ വംശജൻ ഋഷി സുനകിന്. താൻ മത്സരിക്കുമെന്ന് സുനക് ഔദ്യോഗികമായി പറഞ്ഞിട്ടില്ലെങ്കിലും ഉടൻ തന്നെ അതുണ്ടായേക്കും. അദ്ദേഹത്തിന് ഇതിനകം 100 ലധികം ടോറി എംപിമാരുടെ പിന്തുണയുണ്ട്. ബോറിസ് ജോൺസണും മത്സരിക്കുമെന്ന ഊഹാപോഹങ്ങൾ ശക്തമാകുന്നതിനിടെ കരീബിയൻ അവധിക്കാലം കഴിഞ്ഞ് ബോറിസ് ലണ്ടനിലേക്ക് മടങ്ങി.

പ്രധാനമന്ത്രിയായി മടങ്ങിവരാൻ താൻ തയ്യാറാണെന്ന് ബോറിസ് തന്നോട് പറഞ്ഞതായി വാണിജ്യ മന്ത്രി ജെയിംസ് ഡഡ്രിഡ്ജ് പറഞ്ഞു. പെന്നി മോർഡൗണ്ട് മാത്രമാണ് ഔദ്യോഗികമായി മത്സരരംഗത്തുള്ളത്. എന്നാൽ ടോറി എംപിമാരുടെ പൊതു പിന്തുണയിൽ അവർ പിന്നിലാണ്.

പുതിയ നേതാവിനെ കണ്ടെത്തുന്നത് ഇങ്ങനെ

നൂറ് കൺസർവേറ്റീവ് എംപിമാരുടെ പിന്തുണയുള്ള ഏത് എം.പിക്കും നേതൃസ്ഥാനത്തേക്ക് മത്സരിക്കാം. 357 എംപിമാർ ഉള്ളതിനാൽ പരമാവധി മൂന്നു പേർക്ക് മത്സരിക്കാം. ഒരാൾക്കു മാത്രമേ 100 പേരുടെ പിന്തുണ ലഭിക്കുന്നുള്ളൂവെങ്കിൽ മറ്റു മത്സരങ്ങൾ ഇല്ലാതെ അയാൾ നേതാവാകും. മൂന്നുപേർ ഉണ്ടെങ്കിൽ ആദ്യം എംപിമാർക്കിടയിൽ വോട്ടെടുപ്പ് നടത്തും.

ഏറ്റവും കുറവ് വോട്ട് ലഭിക്കുന്നയാളെ ഒഴിവാക്കും. ബാക്കിയുള്ള രണ്ടുപേരിൽ ഒരാളെ തെരഞ്ഞെടുക്കാൻ കൺസർവേറ്റീവ് പാർട്ടിയിലെ ഒന്നരലക്ഷത്തിലധികം വരുന്ന അംഗങ്ങളുടെ ഓൺലൈൻ വോട്ടെടുപ്പ് നടത്തും. മുന്നിലെത്തുന്ന എംപി കൺസർവേറ്റീവ് പാർട്ടി നേതാവും പ്രധാനമന്ത്രിയുമാകും. ഈ മാസം 25 മുതൽ 27 വരെയാകും വോട്ടെടുപ്പ്. 28നു പ്രധാനമന്ത്രിയെ പ്രഖ്യാപിക്കും. 31നു പുതിയ ധനമന്ത്രിക്ക് ഇട കാല ധനനയം പ്രഖ്യാപിക്കേണ്ടിവരും. ഇതനുസരിച്ച് നവംബർ മൂന്നിന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പുതിയ പലിശനിരക്ക് പ്രഖ്യാപിക്കണം.