മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ വീണ്ടും എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്താന്‍ വൈകും. എഡിറ്റിങ്ങും സെന്‍സറിങ്ങും പൂര്‍ത്തിയായെങ്കിലും സാങ്കേതികമായ നടപടിക്രമങ്ങള്‍ ഇനിയുമുള്ളതാണ് കാലതാമസത്തിന് കാരണം. വെട്ടിമാറ്റലിന് ശേഷമുള്ള എമ്പുരാന്‍ വ്യാഴാഴ്ചയോടുകൂടിയാകും എത്തുക എന്നാണ് തിയേറ്റര്‍ ഉടമകളില്‍ നിന്ന് ലഭിക്കുന്ന വിവരം.

റീ എഡിറ്റിങ് കഴിഞ്ഞശേഷം ഞായറാഴ്ച രാത്രി തന്നെ ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. സംഘപരിവാറിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് എമ്പുരാനിലെ മൂന്ന് മിനിറ്റ് നീളുന്ന ദൃശ്യങ്ങളാണ് വെട്ടിമാറ്റിയത്. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഉള്‍പ്പെടെയുള്ളവയാണ് ഒഴിവാക്കിയത് എന്നാണ് വിവരം. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ ബജ്രംഗിയുടെ പേര് മാറ്റി ബല്‍രാജെന്നുമാക്കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അസാധാരണ നടപടിയാണ് ചിത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഉണ്ടായത്. നിര്‍മ്മാതാക്കള്‍ തന്നെ ചിത്രത്തിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു. സംഘപരിവാറിന്റെ ഭാഗത്തുനിന്ന് വ്യാപകമായ പരാതിയും പ്രതിഷേധവും ഉയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്താണ് മോഡിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

അവധി ദിവസത്തിലാണ് സെന്‍സറിങും റീ എഡിറ്റിങ്ങും നടന്നത് എന്നതും ശ്രദ്ധേയമാണ്. സിനിമയെച്ചൊല്ലിയുള്ള പ്രതിഷേധവും വ്യാപകപരാതികളും ദേശീയ തലത്തിലടക്കം ഉയര്‍ന്നിരുന്നു. ആര്‍എസ്എസ് മുഖപത്രത്തിലടക്കം മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും പേരെടുത്ത് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍മ്മാതാക്കള്‍ സിനിമയിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചത്. തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ അടിയന്തര ഇടപെടലില്‍ അവധി ദിവസത്തില്‍ തന്നെ റീ എഡിറ്റിങ് നടത്തുകയായിരുന്നു.