ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രോസ്റ്റേറ്റ് ക്യാൻസറിൻ്റെ രോഗനിർണയത്തിൽ ഉമിനീർ പരിശോധന നിർണ്ണായകമായ മാറ്റങ്ങൾ വരുത്തുമെന്ന് യുകെയിൽ നിന്നുള്ള ശാസ്ത്രജ്ഞർകണ്ടെത്തി . രോഗം വരുന്നതിനു മുൻപ് തന്നെ രോഗം വരാൻ സാധ്യത പ്രവചിക്കുന്നതിലൂടെ ചികിത്സയും രോഗനിർണ്ണയവും കൂടുതൽ എളുപ്പത്തിലാക്കുന്നതിന് ഇത് ഉപകരിക്കും. രാജ്യത്ത് പ്രതിവർഷം 12,000 പുരുഷന്മാരാണ് പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ച് മരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രോസ്റ്റേറ്റ് ക്യാൻസറിൻ്റെ രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും ഉപകരിക്കുന്ന ഏതൊരു കാര്യവും രാജ്യത്തെ സംബന്ധിച്ച് വളരെ നിർണ്ണായകമാണെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു.
ഉമനീർ പരിശോധനയിൽ പുരുഷന്മാരുടെ ഡിഎൻഎ യിലുള്ള 130 ഇനം മ്യൂട്ടേഷനുകൾ കണ്ടെത്തുവാനാണ് ശ്രമിക്കുന്നത് . ഇതിൽ ഓരോന്നും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാവാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ ആണ് ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് . അപകടസാധ്യത കൂടുതലുള്ള പുരുഷന്മാരെ നേരത്തെ കണ്ടെത്തി പരിശോധിച്ച് ഉറപ്പുവരുത്താൻ നമ്മൾ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ക്യാൻസർ റിസർച്ച് യുകെയിലെ ഡോ. ഇയാൻ വാക്കർ പറഞ്ഞു. അതിജീവന നിരക്ക് വളരെയധികം മെച്ചപ്പെട്ടതായാണ് കഴിഞ്ഞ 40 വർഷത്തെ കണക്കുകൾ കാണിക്കുന്നത്.
ക്യാൻസർ റിസർച്ച് യുകെ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുകെയിൽ ഏറ്റവും സാധാരണയായി കണ്ടുപിടിക്കപ്പെടുന്ന ക്യാൻസറായി പ്രോസ്റ്റേറ്റ് ക്യാൻസർ മാറിയിരിക്കുന്നു. ഓരോ വർഷവും 52,000-ലധികം പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടെന്ന് തിരിച്ചറിയുന്നതായാണ് കണക്കുകൾ കാണിക്കുന്നത് . അതായത് പ്രതിദിനം 143 രോഗം കണ്ടുപിടിക്കുന്നുണ്ട്. അതിജീവന നിരക്ക് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പല പുരുഷന്മാരും ഇപ്പോഴും വളരെ വൈകിയാണ് രോഗനിർണ്ണയം നടത്തുന്നതെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന ചാരിറ്റികൾ മുന്നറിയിപ്പ് നൽകുന്നു. പ്രോസ്റ്റേറ്റ് ക്യാൻസർ പലപ്പോഴും സാവധാനത്തിൽ ആണ് വികസിക്കുന്നത്. അതുകൊണ്ടുതന്നെ രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ രോഗലക്ഷണങ്ങൾ കാണിക്കില്ല. ഈ രോഗം പ്രധാനമായും 50 വയസ്സിനു മുകളിലുള്ള പുരുഷന്മാരെയാണ് ബാധിക്കുന്നത്. കറുത്തവർഗ്ഗക്കാരിലും പ്രോസ്റ്റേറ്റ് ക്യാൻസറിൻ്റെ പരമ്പര്യമുള്ളവരിലും അപകടസാധ്യത കൂടുതലാണ്.
Leave a Reply