ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വരും ദിവസങ്ങളിൽ ഇംഗ്ലണ്ടിലും വെയിൽസിലും ഉടനീളം ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. നിലവിൽ ലണ്ടൻ മുതൽ മാഞ്ചസ്റ്റർ വരെ ഇന്ന് മാത്രമാണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും വരും ദിവസങ്ങളിലും ഇതേ കാലാവസ്ഥ തന്നെ തുടരാനുള്ള സാധ്യതയാണ് കണക്കാക്കപ്പെടുന്നത്. ഇതേസമയം തന്നെ ഇംഗ്ലണ്ടിന്റെ തെക്കൻ തീരത്ത് ശക്തമായ കാറ്റ് വീശുമെന്നതിനാൽ ഇന്ന് മുഴുവൻ മറ്റൊരു യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം റെക്കോർഡ് മഴയാണ് ജൂലൈ മാസത്തിൽ ലഭിച്ചതെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്. നോർത്ത് അയർലണ്ടിലും ഇതേ സാഹചര്യങ്ങൾ തന്നെയാണ് നിലനിൽക്കുന്നത്. യൂറോപ്പിൽ ഉടനീളം നിലനിൽക്കുന്ന ഉഷ്ണ തരംഗത്തിന് വിരുദ്ധമായി, ബ്രിട്ടനിൽ വരും ദിവസങ്ങളിൽ മഴയും കാറ്റും തണുത്ത കാലാവസ്ഥയും ആണ് പ്രവചിക്കപ്പെടുന്നത്. നിലവിലെ ജെറ്റ് സ്ട്രീമിന്റെ സ്ഥാനം മൂലമാണ് ബ്രിട്ടനിൽ ഇത്തരത്തിലുള്ള മാറ്റം എന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്.

ജെറ്റ് സ്ട്രീം വടക്ക് ധ്രുവപ്രദേശങ്ങളിൽ നിന്നുള്ള തണുത്ത വായുവിന്റെയും തെക്കു നിന്നുള്ള ചൂടുള്ള വായുവിന്റെയും അതിർത്തിയെ അടയാളപ്പെടുത്തുന്നു. ഇവയിൽ ഉള്ള വ്യത്യാസം പ്രഷർ വ്യത്യാസങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം, ജെറ്റ് സ്ട്രീമിന്റെ സ്ഥാനം കൂടുതൽ വടക്ക് ഭാഗത്തായിരുന്നു. അതിനാൽ യുകെയിൽ ഉയർന്ന മർദ്ദ സംവിധാനം സൃഷ്ടിക്കപ്പെടുകയും കൂടുതൽ ചൂടും വരണ്ട കാലാവസ്ഥയും രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ ജെറ്റ് സ്ട്രീമിന്റെ സ്ഥാനം തെക്കുഭാഗത്ത് ആയതിനാൽ തന്നെയാണ് തണുത്ത കാലാവസ്ഥയും മഴയും ലഭിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷകർ വിശദീകരിക്കുന്നു. നിലവിലെ കാലാവസ്ഥ മൂലം സ്‌കോട്ട്‌ ലൻഡിന്റെ പടിഞ്ഞാറൻ തീരത്തുള്ള ടയർ ദ്വീപിൽ നടന്നുവരുന്ന മ്യൂസിക് ഫെസ്റ്റിവൽ ഉൾപ്പെടെ, സമീപ ആഴ്ചകളിൽ ഭൂരിഭാഗം വേനൽക്കാല പരിപാടികളും റദ്ദാക്കുവാൻ നിർബന്ധിതമായിട്ടുണ്ട്. ആഗോളതാപനം മൂലമുള്ള മാറ്റങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലുള്ള കാലാവസ്ഥ വ്യതിയാനം എന്നാണ് ഭൂരിഭാഗം ശാസ്ത്രജ്ഞരും വിശ്വസിക്കുന്നത്.