ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചൈനയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് സ്റ്റീൽ കമ്പനി ഏറ്റെടുത്തതിനു പുറമേ ചൈനയുമായുള്ള വ്യാപാര നയതന്ത്ര ബന്ധത്തിനെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു. അടച്ചു പൂട്ടലിന്റെ വക്കത്തെത്തിയ ബ്രിട്ടീഷ് സ്റ്റീൽ കമ്പനി പാർലമെന്റിന്റെ അടിയന്തിര യോഗം ചേർന്ന് നിയമം പാസാക്കിയാണ് സർക്കാർ ഏറ്റെടുത്തത്. യുകെയുടെ അടിസ്ഥാന വികസനത്തിൽ ചൈനയിൽ നിന്നുള്ള കമ്പനികളെ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി ഒട്ടേറെ വിമർശനവും ഉയർന്നുവന്നിരുന്നു.
എന്നാൽ ചൈനയുമായുള്ള ഉഭയകക്ഷി ബന്ധത്തെ പൂർണ്ണമായും തള്ളിക്കളയാൻ യുകെ തയ്യാറല്ലെന്ന വാർത്തകളാണ് ഏറ്റവും പുതിയതായി പുറത്തുവന്നിരിക്കുന്നത്. ചൈനയുമായുള്ള സാമ്പത്തിക വ്യാപാര ബന്ധം പുനരുജ്ജീവിപ്പിക്കാൻ ട്രേഡ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് ബീജിംഗിലേക്ക് ചർച്ചകൾക്കായി പോകുമെന്ന വാർത്തകളാണ് ഏറ്റവും പുതിയതായി ഇതിനോട് അനുബന്ധിച്ച് പുറത്തുവന്നിരിക്കുന്നത്. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുന്നതിനായി ഉയർന്ന തലത്തിലുള്ള ചർച്ചകൾക്കായി റെയ്നോൾഡ്സ് ഈ വർഷം അവസാനം ചൈനയിലേക്ക് പോകും. 2018 മുതലാണ് യുകെയും ചൈനയും തമ്മിലുള്ള ബന്ധം വഷളാകാൻ തുടങ്ങിയത്. ഹോങ്കോങ്ങില്‍ ജനങ്ങളുടെ പൗരസ്വാതന്ത്ര്യത്തിന്മേൽ ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും തുടർന്നുള്ള പ്രക്ഷോഭണങ്ങളുമായിരുന്നു ഇതിന് പ്രധാനകാരണം. ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചാൻസിലർ റേച്ചൽ റീവ്സ് ഈ വർഷം ജനുവരിയിൽ ചൈന സന്ദർശിച്ചിരുന്നു.
സ്റ്റീൽ വ്യവസായം പോലുള്ള അടിസ്ഥാന മേഖലകളിൽ ചൈനയുടെ നിക്ഷേപം അനുവദിക്കുന്നതിൽ കൺസർവേറ്റീവ് സർക്കാർ ശ്രദ്ധയോടെ പെരുമാറിയില്ലെന്ന അഭിപ്രായം കഴിഞ്ഞദിവസം ട്രേഡ് സെക്രട്ടറി പ്രകടിപ്പിച്ചിരുന്നു. അതിനുശേഷം ബന്ധം മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം ചൈന സന്ദർശിക്കുന്നതായു ഉള്ള വാർത്ത രാഷ്ട്രീയ നിരീക്ഷകരിൽ അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം യുകെയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ചൈനീസ് കമ്പനികളെ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് മുതിർന്ന ലേബർ പാർട്ടി നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു . ബീജിംഗുമായുള്ള സൗഹൃദം ദേശീയ സുരക്ഷയെ അപകടത്തിലാക്കുമെന്ന് മുതിർന്ന ലേബർ പാർട്ടി നേതാക്കൾ ആണ് പറഞ്ഞത് . സ്വന്തം പാർട്ടിയിൽ നിന്ന് ഉൾപ്പെടെ ചൈനയിൽ നിന്ന് അടിസ്ഥാന സൗകര്യ വികസനത്തിന് നിക്ഷേപം നേടാനുള്ള സർക്കാരിൻറെ സമീപനത്തിന് ശക്തമായ എതിർപ്പ് സമീപഭാവിയിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നമ്മുടെ ദേശീയ താത്പര്യങ്ങൾക്ക് ഭീഷണിയാകുന്ന എല്ലാ ചൈനീസ് കമ്പനികളുടെയും സുരക്ഷാ അവലോകനം അടിയന്തിരമായി നടത്തണമെന്ന് ലേബർ പാർട്ടിയിലെ സഹപ്രവർത്തകയും ഇന്റർ-പാർലമെന്ററി അലയൻസ് ഓൺ ചൈനയുടെ (ഐപാക്) സഹ-അധ്യക്ഷയുമായ ഹെലീന കെന്നഡി പറഞ്ഞു. നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കുന്ന വ്യവസായങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും താക്കോലുകൾ ആർക്കാണ് നൽകുന്നത് എന്നതിനെ കുറിച്ച് നമ്മൾ ഇപ്പോൾ അതീവ ജാഗ്രത പാലിക്കണം എന്ന് അവർ അഭിപ്രായപ്പെട്ടു . ചൈനയിൽ നിന്ന് വരുന്ന ഏതൊരു നിക്ഷേപത്തിലും നമ്മൾ കൂടുതൽ ശ്രദ്ധയോടെ നിയമം നടപ്പിലാക്കണം എന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ചൈന സെന്ററിലെ അസോസിയേറ്റായ ജോർജ്ജ് മാഗ്നസ് പറഞ്ഞു.
Leave a Reply