ന്യൂസ് ഡെസ്ക്, മലയാളം യുകെ
തുടർച്ചയായ രണ്ടാം വർഷവും വിമാനങ്ങൾ വൈകുന്ന കാര്യത്തിൽ ഒന്നാം സ്ഥാനത്ത് ഗാറ്റ്‌വിക്ക് വിമാനത്താവളം ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ നിന്നുള്ള പുറപ്പെടലുകൾ 2024-ലെ ഷെഡ്യൂളിനേക്കാൾ ശരാശരി 23 മിനിറ്റിലധികം പിന്നിലായിരുന്നു. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സിഎഎ) കണക്കുകൾ ആണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
2023 -ൽ 27 മിനിറ്റായിരുന്നു വിമാനങ്ങൾ പുറപ്പെടുന്നതിനുള്ള കാലതാമസം. എന്നാൽ കഴിഞ്ഞവർഷം ഇത് 23 മിനിറ്റായി മെച്ചപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും നിലവിലെ കാലതാമസം യുകെയിലെ മറ്റ് ഏതൊരു വിമാനത്താവളവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ദൈർഘ്യമേറിയതാണ് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ യുകെയിലെ ഏറ്റവും മോശം പ്രവർത്തനം കാഴ്ചവയ്ക്കുന്ന വിമാനത്താവളം ഗാറ്റ്‌വിക്ക് വിമാനത്താവളം ആണെന്നത് വൻ പ്രാധാന്യത്തോടെയാണ് ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്.
യൂറോപ്പിലെ മറ്റ് വിമാനത്താവളങ്ങളിലെ എയർ ട്രാഫിക് നിയന്ത്രണങ്ങൾ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൻ്റെ പ്രവർത്തനത്തെ സ്വാധീനിക്കുന്നതായും 2025 ൽ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം നടത്താനുള്ള ശ്രമം നടന്നുവരുന്നുവെന്നും ഗാറ്റ്‌വിക്ക് വിമാനത്താവള വക്താവ് പറഞ്ഞു. ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൻ്റെ വാദം ശരിയല്ലെന്ന അഭിപ്രായവും ഉയർന്നു വരുന്നുണ്ട്. എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരുടെ കുറവും സ്വന്തം കൺട്രോൾ ടവറും ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൻ്റെ മോശം പ്രകടനത്തിന് കാരണമാകുന്നുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുകെയിൽ മോശം പ്രകടനത്തിൽ രണ്ടാം സ്ഥാനത്ത് ബെർമിംഗ്ഹാം എയർപോർട്ട് ആണ് ഉള്ളത്. 21 മിനിറ്റാണ് ബെർമിംഗ്ഹാം എയർപോർട്ടിൽ നിന്ന് വിമാനങ്ങൾ പറന്നുയരാൻ എടുക്കുന്ന ശരാശരി കാലതാമസം.
Leave a Reply