ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചനമർപ്പിച്ച് പ്രമുഖർ. വിടവാങ്ങിയത് ആർദ്രതയുടെ പ്രതീകമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കുറിച്ചത്. ആഗോള കത്തോലിക്കാ സഭയുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.
മനുഷ്യസ്നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വമാണ് ഫ്രാൻസിസ് മാർപ്പാപ്പയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലസ്തീൻ ജനതയുടെ വേദനയിലും സഹനത്തിലും മനസുകൊണ്ട് ചേർന്നുനിന്ന വഴികാട്ടിയായിരുന്നു അദ്ദേഹം. അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസായിരുന്നു അദ്ദേഹത്തിന്റേത്. മാർപ്പാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോടാകെയും വിശ്വാസ സമൂഹത്തോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.
യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. ‘അദ്ദേഹത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ക്രിസ്ത്യൻ വിശ്വാസികൾക്കൊപ്പമാണ് എന്റെ മനസ്. വളരെ ക്ഷീണിതനായിരുന്നെങ്കിലും അദ്ദേഹത്തെ കാണാനായതിൽ സന്തോഷമുണ്ട്. കൊവിഡിന്റെ ആദ്യനാളികളിൽ അദ്ദേഹം മുന്നോട്ടുവച്ച മനോഹരമായ മാതൃക എന്നും ഓർമിക്കപ്പെടും ‘, ജെഡി വാൻസ് എക്സിൽ കുറിച്ചു. മാർപ്പാപ്പയുമായി അവസാനം കൂടിക്കാഴ്ച നടത്തിയ ലോകനേതാവാണ് ജെഡി വാൻസ്.
ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുശോചനം രേഖപ്പെടുത്തി. ‘വിശ്വാസികൾക്ക് എക്കാലത്തെയും വെളിച്ചമായി ഫ്രാൻസിസ് പാപ്പ ഇനി നിത്യതയിൽ’ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
Leave a Reply