ബിനീഷ് കോടിയേരിക്കു മേല്‍ കുരുക്കു മുറുക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിനീഷ് കൊക്കൈയ്ന്‍ ഉപയോഗിച്ചിരുന്നുവെന്നും കേരളത്തിലും ദുബൈയിലും കേസുള്ള കുറ്റവാളിയാണെന്നും കോടതിയെ അറിയിച്ചു. ബിനീഷും ബംഗളുരു ലഹരി ഇടപാട് കേസിലെ പ്രതി അനൂപ് മുഹമ്മദും തമ്മില്‍ നടന്ന കോടികളുടെ കള്ളപണ ഇടപാടിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. അതിനിടെ ബിനീഷിനെ കാണാന്‍ ബിനോയ് കോടിയേരിക്ക് അവസാന നിമിഷം കോടതി അനുമതി നല്‍കിയില്ല. കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന കഴി‍ഞ്ഞ് എത്താന്‍ നിര്‍ദേശം. ആന്റിജന്‍ സ്വീകാര്യമല്ലെന്നും ഇ.ഡി. കോടതിയെ സമീപിക്കുമെന്ന് ബിനോയി.

ബെംഗളൂരുവില്‍ നിന്നുളള ഇ.ഡി. സംഘം തിരുവനന്തപുരത്ത്. ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയേക്കുമെന്നു സൂചനയുണ്ട്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ബിനീഷിന്റെ ആറാം ദിവസത്തെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ബിനീഷിനുമേല്‍ കുരുക്കു മുറുക്കി കൂടുതല്‍ കാര്യങ്ങള്‍ ഇ.ഡി കോടതിയെ അറിയിച്ചു. കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നുവെന്നും കേരളത്തിലും ദുബൈയിലും കേസുള്ള കുറ്റവാളിയാണ് ബിനീഷെന്നും കസ്റ്റഡി നീട്ടാനുള്ള അപേക്ഷയോടപ്പം നല്‍കിയ രേഖയില്‍ പറയുന്നു.

തുടര്‍ച്ചയായ ആറാം ദിവസത്തെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇതിനകം നാല്‍പതു മണിക്കൂറിലധികം സമയം ബിനീഷ് ഇ.ഡിയുടെ ചോദ്യങ്ങള്‍ നേരിട്ടു. കസ്റ്റഡി നീട്ടാന്‍ നല്‍കിയ അപേക്ഷയിലാണ് കേസിനപ്പുറം ബിനീഷിന് നാണക്കേടാകുന്ന വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്. ബിനീഷ് കൊക്കൈയ്ന്‍ ഉപയോഗിക്കുന്ന ആളാണെന്നതാണ് ഇതില്‍ പ്രധാനം. ലഹരിമരുന്ന് വില്‍പനയുണ്ടെന്നും ഇതുസംബന്ധിച്ചു മൊഴികള്‍ ലഭിച്ചതായും അപേക്ഷയില്‍ പറയുന്നു.

ലഹരിമരുന്ന് ഉപയോഗത്തിലൂടെയാണ് ബിനീഷിനെ പരിചയപെട്ടതെന്ന് അനൂപും മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ ഇ.ഡി വ്യക്തമാക്കുന്നു. ഈ ബന്ധം വളര്‍ന്നു 2012 നും 2019 നും ഇടയില്‍ അഞ്ചു കോടി പതിനേഴ് ലക്ഷത്തി മുപ്പതിതിയാറായിരത്തി അറുന്നൂറ് രൂപയുടെ ഇടപാട് നടന്നു. ഇതില്‍ മൂന്നര കോടിയും കള്ളപണമാണ്.ഇവയെ സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍. അതേ സമയം അനൂപിന് കൂടെ അറസ്റ്റിലായ മറ്റൊരു മലയാളി റിജേഷ് രവീന്ദ്രന്റെ പേരില്‍ കൊച്ചിയിലുള്ള റിയാന്‍ഹ ഇവന്റ് മാനേജ്മെന്റ് കമ്പനിയും ബംഗളുരുവിലെ യാഷ് ഇവന്റ് മാനേജ്മെന്റ് പ്രൊഡക്ഷനെ സംബന്ധിച്ചും ഇ.ഡി വിശദമായ അന്വേഷണം തുടങ്ങി. ഇവ ബിനീഷിന്റെ ബെനാമി കമ്പനികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.