നടി വിൻസി അലോഷ്യസിൻ്റെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം ശക്തമാക്കി സിനിമയുടെ അണിയറ പ്രവർത്തകർ. ഇൻ്റേണൽ കമ്മിറ്റി യോഗത്തിൽ ഷൈൻ വിൻസിയോട് ക്ഷമാപണം നടത്തി. ഭാവിയിൽ മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന് ഷൈൻ ഉറപ്പ് നൽകി.
ബോധപൂർവം തെറ്റ് ചെയ്തിട്ടില്ലെന്നും പെരുമാറ്റത്തിൽ ശ്രദ്ധിക്കാമെന്നും ഷൈൻ ഇൻ്റേണൽ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. ഇൻ്റേണൽ കമ്മിറ്റി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് വിൻസിയും യോഗത്തിൽ നിലപാടെടുത്തു. തൻ്റെ പരാതി ചോർന്നതിലുള്ള അതൃപ്തിയും വിൻസി യോഗത്തിൽ അറിയിച്ചു. പൊലീസിൽ പരാതി നൽകാൻ ഇല്ലെന്ന നിലപാട് ഇന്റേണൽ കമ്മിറ്റി യോഗത്തിലും വിൻസി ആവർത്തിച്ചു.
ഷൈൻ ടോം ചാക്കോയ്ക്ക് താക്കീത് നൽകി പ്രശ്നങ്ങൾ അവസാനിപ്പിക്കാനാണ് ആലോചന. ഷൈൻ ടോം ചാക്കോയ്ക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന നിലപാടിലാണ് താര സംഘടനയും. താര സംഘടനയും ഫിലിം ചേമ്പറും ഇന്റേണൽ കമ്മിറ്റി യോഗത്തിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. റിപ്പോർട്ട് ഇന്ന് തന്നെ ലഭിച്ചേക്കും.
സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിൻസി അലോഷ്യസിന്റെ പരാതി വൻ വിവാദമായതോടെയാണ് ഏറെ വൈകിയുള്ള ഇന്റേണല്‍ കമ്മറ്റിയുടെ ഇടപെടൽ.
സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയ നടനെതിരെ നിയമപരമായി പരാതി നൽകില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നാണ് വിന്‍സി അലോഷ്യസ് നേരത്തെ തന്നെ അറിയിച്ചിരുന്നത്. ഇരു ഭാഗവും കേട്ടതോടെ അന്തിമ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി ഫിലിം ചെമ്പറിന്റെ മോണിറ്ററിങ് കമ്മറ്റിക്ക് കൈമാറുകയാണ് അടുത്ത നടപടി.
റിപ്പോർട്ടിൽ ഗൗരവകരമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കിൽ ഷൈനിനെതിരെ നടപടി എടുക്കാനും കമ്മറ്റിക്ക് നിർദേശം നൽകാം. നിർദേശം എന്ത് തന്നെയായാലും അത് അനുസരിക്കാൻ സിനിമ സംഘടനകൾ ബാധ്യസ്ഥരാണ്.
Leave a Reply