അമ്മയെയും മുത്തശിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് കടയ്ക്കാവൂർ പൊലീസിന്റെ പിടിയിൽ. മണമ്പൂർ വില്ലേജിൽ വളവൂർക്കോണം കാട്ടിൽ വീട്ടിൽ ബേബിയെയും ഗോമതിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച വിഷ്ണു (31)വിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. അമ്മയായ ബേബി വിഷ്ണുവിന്റെ വിവാഹം നടത്തി കൊടുക്കാതെ അനുജന്റെ വിവാഹം നടത്തിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.

അമ്മൂമ്മയായ ഗോമതി(75)യുടെ വീട്ടിൽ എത്തിയ വിഷ്ണു അമ്മ ബേബിയെ ഉപദ്രവിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇത് തടഞ്ഞ അമ്മുമ്മ ഗോമതിയെയും വിഷ്ണു ക്രൂരമായി മർദിച്ചു. തുടർന്ന് വിഷ്ണു വീട്ടിലെ ഉപകരണങ്ങൾ വെട്ടി നശിപ്പിക്കുകയും വസ്ത്രങ്ങൾ കത്തിക്കുകയും ചെയ്തു. അമ്മയാണ് അനുജൻ്റെ വിവാഹം നടത്തിക്കൊടുക്കാൻ മുന്നിട്ടു നിന്നതെന്ന് ആരോപിച്ചായിരുന്നു വിഷ്ണു അവരെ ആക്രമിച്ചത്. വീട്ടിൽ കടന്നുകയറി ബേബിയെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.

ബേബിയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുന്നതിനിടെ ബേബിയുടെ മാതാവ് ഗോമതി ഇടയ്ക്കു കയറി തടയാൻ ശ്രമിച്ചു. ഇതോടെ പ്രകോപിതനായ വിഷ്ണു ഗോമതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് വിവരം. വീട്ടിൽ നിന്ന് വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെയാണ് വിഷ്ണു അക്രമം മതിയാക്കിയത്.

നാട്ടുകാരെ കണ്ട് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പരിക്കേറ്റ അമ്മയും മുത്തശിയും ചികിത്സയിലാണ്. ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്. അക്രമത്തിനിടയിൽ വിഷ്ണു വീട്ടിലെ ഉപകരണങ്ങൾ നശിപ്പിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രതി ഒളിവിലായിരുന്നു.

പൊലീസ് കേസ് എടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്. വളരെക്കാലമായി വിഷ്ണു തൻ്റെ വിവാഹക്കാര്യം വീട്ടിൽ സംസാരിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. എന്നാൽ ഒരു പെണ്ണിനെ കൊണ്ടു വന്ന് പോറ്റാൻ നിനക്ക് കഴിയില്ലെന്ന് പറഞ്ഞ് കുടുംബക്കാർ വിഷ്ണുവിൻ്റെ ആവശ്യത്തെ നിസാരവത്കരിക്കുകയായിരുന്നു. അതിനിടയിൽ അനുജൻ വിവാഹം കഴിക്കുകയും ആ വിവാഹം വീട്ടുകാർ അംഗീകരിക്കുകയും ചെയ്തതോടെ വിഷ്ണു നിരാശയിലായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം ഇയാൾ അക്രമസക്തനായി വീട്ടിൽ പെരുമാറിയത്.

വീട്ടുകാരുടെ നിലവിളികേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും വിഷ്ണു രക്ഷപ്പെട്ടിരുന്നു. തുടർന്ന് കടയ്ക്കാവൂർ സബ് ഇൻസ്പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ എഎസ്ഐ മാരായ ശ്രീകുമാർ, ജയ പ്രസാദ്, ജയകുമാർ, രാജീവ്, സീനിയർ സിവിൽ പൊലീസ് ഓഫിസറായ സിയാദ്, സിവിൽ പൊലീസ് ഓഫിസർമാരായ അനിൽകുമാർ, അഖിൽ, സുരാജ് എന്നിവരടങ്ങുന്ന സംഘം ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിക്ക് പറ്റിയ അമ്മയും അമ്മൂമ്മയും ചികിത്സയിലാണ്.