ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ അടുത്തവർഷം മോർട്ട്ഗേജ് നിരക്കുകളിൽ കുറവുണ്ടാകുമെന്ന അഭിപ്രായമാണ് പൊതുവെ ഈ രംഗത്തെ വിദഗ്ധർ പ്രകടിപ്പിച്ചത്. പണപ്പെരുപ്പം കുറയുമെന്നും അതിനോട് അനുബന്ധിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുമെന്നതുമാണ് മോർട്ട്ഗേജ് നിരക്കുകൾ കുറയ്ക്കാനുള്ള കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. മോർട്ട്ഗേജ് നിരക്കുകൾ കുറയുമെന്നത് ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു വീട് സ്വന്തമാക്കണമെന്ന പ്രതീക്ഷകൾക്ക് ചിറകു മുളയ്ക്കുന്ന വാർത്തയാണ്. എന്നാൽ സ്വന്തമായി ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർ എവിടെ തുടങ്ങും എങ്ങനെ ചെയ്യണം എന്ന കാര്യത്തിൽ പലർക്കും വ്യക്തതയില്ല . ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ സ്വീകരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ചാണ് ഇന്ന് മലയാളം യുകെ വായനക്കാരുമായി പങ്കുവയ്ക്കുന്നത്.
അടുത്തവർഷം ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ആവശ്യമായി ചെയ്യേണ്ടത് ഒരു വ്യക്തിഗത സേവിങ് അക്കൗണ്ട് ആരംഭിക്കുക എന്നതാണ് . ആദ്യമായി വാങ്ങുന്നയാൾക്ക് നൽകുന്ന ശരാശരി നിക്ഷേപം £34,500 ആണ്. അതുകൊണ്ട് എത്രയും വേഗം നിങ്ങൾ സേവ് ചെയ്യാൻ തുടങ്ങുന്നുവോ അത്രയും നല്ലത്. 18 വയസ്സ് മുതൽ 30 വയസ്സ് വരെ നിങ്ങളുടെ സേവിംഗ്സ് അലവൻസ് പരമാവധി വിനിയോഗിക്കുകയാണെങ്കിൽ, നിങ്ങൾക്ക് സൗജന്യ ബോണസായി 22,000 പൗണ്ട് ലഭിക്കും എന്ന് ഡിജിറ്റൽ മോർട്ട്ഗേജ് ബ്രോക്കർ ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് ഡാന പറയുന്നു.
കുറഞ്ഞ നിക്ഷേപ മോർട്ട്ഗേജ് ഓപ്ഷനുകൾ കണ്ടെത്തുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. നിക്ഷേപം സമാഹരിക്കാൻ പാടുപെടുന്നവർക്ക് ഇപ്പോൾ 95% ലോൺ-ടു-വാല്യൂ (എൽടിവി) ഡീലുകൾ ലഭ്യമാണ് എന്ന് മോർട്ട്ഗേജ് ബ്രോക്കർമാരായ ലണ്ടൻ & കൺട്രിയിൽ നിന്നുള്ള ഡേവിഡ് ഹോളിംഗ്വർത്ത് പറയുന്നു. പുതിയ കണക്കുകൾ പ്രകാരം 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഏത് സമയത്തേക്കാളും കുറഞ്ഞ നിക്ഷേപ മോർട്ട്ഗേജുകൾ തിരഞ്ഞെടുക്കാൻ ലഭ്യമാണ്.
സ്വന്തമായി ഒരു വീട് എന്നത് യുകെയിൽ എത്തുന്ന എല്ലാ മലയാളികളുടെയും സ്വപ്നമാണ്. ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കുന്ന രീതിയിലുള്ള വായ്പാ പദ്ധതികളാണ് നിലവിലുള്ളത്. താൻ ആഗ്രഹിക്കുന്ന സ്ഥലത്ത് സാമ്പത്തിക സ്ഥിതി അനുസരിച്ച് ഒരു വീട് ലഭിക്കുക എന്നതാണ് എല്ലാവരുടെയും ആഗ്രഹം. ഉടമസ്ഥാവകാശം പങ്കിടുന്നത് ഉൾപ്പെടെയുള്ള മാർഗങ്ങൾ ഇന്ന് നിലവിലുണ്ട്. 1980 കൾ മുതൽ ഇംഗ്ലണ്ടിൽ ഈ രീതി നിലവിലുണ്ട്. ഇതിനായി വീട് വാങ്ങുന്നയാൾക്ക് ഒരു ചെറിയ നിക്ഷേപം ആവശ്യമാണ്. നിങ്ങളുടെ ഓഹരി വാങ്ങാൻ ഒരു മോർട്ട്ഗേജ് എടുത്ത് ബാക്കിയുള്ളതിന് ഭൂവുടമയ്ക്ക് വാടക നൽകാം. കാലക്രമേണ നിങ്ങളുടെ ഉടമസ്ഥതയിലുള്ള വസ്തുവിൻ്റെ അളവ് വർദ്ധിപ്പിക്കാനും വാടക പേയ്മെൻ്റുകൾ കുറയ്ക്കാനും കഴിയും. “സ്റ്റെയർകേസിംഗ്” എന്നാണ് ഈ രീതി അറിയപ്പെടുന്നത്. ഒടുവിൽ നിങ്ങളുടെ വീട് പൂർണ്ണമായും സ്വന്തമാക്കുക എന്നതാണ് ലക്ഷ്യം.
Leave a Reply