ന്യൂസ് ഡെസ്ക്, മലയാളം യുകെ
റഷ്യ ഉക്രയിൻ യുദ്ധം മൂന്നുവർഷം പിന്നിടുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം യുകെ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾക്ക് കടുത്ത സാമ്പത്തിക അസ്ഥിരതയാണ് സമ്മാനിച്ചത്. ഈ സാഹചര്യത്തിൽ റഷ്യ- ഉക്രയിൻ സംഘർഷത്തിന് അയവു വരുത്താനുള്ള നിർണ്ണായക നീക്കത്തിന് യുകെ നേതൃത്വം വഹിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മൂന്നുവർഷം പിന്നിട്ട യുദ്ധത്തിൽ അടിയന്തിരമായി വെടിനിർത്തൽ ലക്ഷ്യം വെച്ച് ഇന്ന് ലണ്ടനിൽ പുതിയ ചർച്ചകൾ നടക്കും .
യുകെ, ഫ്രാൻസ്, ജർമ്മനി, യുക്രെയ്ൻ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരാണ് അടിയന്തിര ചർച്ചകളിൽ പങ്കെടുക്കുന്നത്. ഉക്രയിനെതിരെ തങ്ങളുടെ അധിനിവേശം അവസാനിപ്പിക്കാൻ റഷ്യ തയ്യാറായേക്കുമെന്ന ഊഹാപോഹങ്ങളിൽ വർധിക്കുന്നതിനിടയിലാണ് ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ വേഗത്തിലാണെങ്കിലും ചർച്ചകൾ വിജയിക്കുമോ എന്ന കാര്യത്തിൽ കൃത്യമായ വ്യക്തതയില്ല.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫും അദ്ദേഹത്തിൻ്റെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ലണ്ടനിലെ ചർച്ചകളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവർ പിൻവാങ്ങി. പകരം യുഎസിനെ പ്രതിനിധീകരിച്ച് ട്രംപിൻ്റെ യുക്രെയ്ൻ പ്രതിനിധി ജനറൽ കീത്ത് കെല്ലോഗ് ആണ് പങ്കെടുക്കുന്നത്. ഇതിനിടെ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായുള്ള നാലാമത്തെ കൂടിക്കാഴ്ചയ്ക്കായി വിറ്റ്‌കോഫ് ഈ ആഴ്ച മോസ്‌കോയിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ക്രിമിയയുടെ മേലുള്ള റഷ്യൻ പരമാധികാരം യുഎസ് അംഗീകരിച്ചതിന് പകരമായി നിലവിലെ മുൻനിരയിൽ അധിനിവേശം അവസാനിപ്പിക്കാൻ റഷ്യ തയ്യാറായേക്കുമെന്ന് ഫിനാൻഷ്യൽ ടൈംസിലെ റിപ്പോർട്ടുകൾക്കിടയിലാണ് പുതിയ സംഭവവികാസങ്ങൾ നടക്കുന്നത് .
പല നിർദ്ദേശങ്ങളും തന്നോട് പങ്കുവെച്ചിട്ടില്ലെന്നും ക്രിമിയയെ റഷ്യൻ പ്രദേശമായി അംഗീകരിക്കുന്നില്ലെന്നും ഉക്രേനിയൻ പ്രസിഡൻ്റ് വ്‌ളാഡിമിർ സെലെൻസ്‌കി പറഞ്ഞു. എന്നാൽ ഈ ഭിന്നാഭിപ്രായങ്ങൾക്കിടയിലും ഒരു സമവായത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് ലോക നേതാക്കൾ പ്രകടിപ്പിക്കുന്നത്. 2022 ഫെബ്രുവരി 24 ന് റഷ്യ ഉക്രെയ്ൻ ആക്രമിച്ചതിനുശേഷം ലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ ഏകദേശം ഏഴ് ദശലക്ഷം ഉക്രേനിയക്കാർ നിലവിൽ ലോകമെമ്പാടും അഭയാർത്ഥികളായിട്ടുണ്ട് .
Leave a Reply