ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഏഴ് മാസം മുമ്പ് യുകെയിൽ ഹെൽത്ത് കെയർ അസിസ്റ്റൻറ് വിസയിൽ എത്തിയ പാലാ സ്വദേശി ലണ്ടനിൽ അന്തരിച്ചു. 47 വയസ്സ് മാത്രം പ്രായമുള്ള എം.എം വിനു കുമാറാണ് ലണ്ടന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പാലാ നഗരസഭാ കൗൺസിലർ ആർ. സന്ധ്യ ആണ് ഭാര്യ. വിദ്യാർത്ഥികളായ കല്യാണി, കീർത്തി എന്നിവരാണ് മക്കൾ. പാലാ കണ്ണാടികുറുമ്പ് മുതുകുളത്ത് വീട്ടിൽ പരേതനായ എം.ബി. മധുസൂദനൻ നായരും തുളസി ദേവിയുമാണ് മാതാപിതാക്കൾ. എം.എം. അരുൺ ദേവ് ഏക സഹോദരനാണ്.
2024 ആഗസ്റ്റിൽ യുകെയിൽ എത്തിയതിനെ തുടർന്നാണ് സന്ധ്യയും ഇവിടേക്ക് വന്നത്. മക്കളെയും കൂടി യുകെയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ തുടങ്ങിയ സാഹചര്യത്തിലാണ് അകാലത്തിൽ വിനു കുമാർ വിട പറഞ്ഞത്. പാലാ നഗരസഭയിൽ നടന്ന അവിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ സന്ധ്യ യുകെയിൽ നിന്ന് എത്തിയത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. സന്ധ്യയുടെ പിതാവ് എൻ.കെ. രാമചന്ദ്രൻ നായർ (80) കഴിഞ്ഞ മാർച്ച് 22നാണ് അന്തരിച്ചത്. വിനു കുമാറിന്റെ മൃതസംസ്കാരം യുകെയിൽ തന്നെ നടത്താനാണ് കുടുംബം ആഗ്രഹിക്കുന്നത്. പൊതുദർശനത്തിന്റെയും മറ്റു ചടങ്ങുകളുടെയും വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
വിനു കുമാറിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply