ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- തന്റെ പിതാവിന്റെ പേരിൽ സ്ഥാപിച്ച ഫൗണ്ടേഷന്റെ ചീഫ് എക്‌സിക്യൂട്ടീവായിരിക്കെ സൗത്ത് ബ്രിസ്റ്റോളിലെ ഒരു യൂത്ത് ക്ലബ്ബിന് അവാർഡ് കൈമാറാൻ വ്യക്തിപരമായി ആയിരക്കണക്കിന് പൗണ്ട് പ്രതിഫലം വാങ്ങിയതായി ക്യാപ്റ്റൻ ടോം മൂറിന്റെ മകൾ ഹാന ഇൻഗ്രാം മൂർ അംഗീകരിച്ചിരിക്കുകയാണ്. 2020 ൽ ആരംഭിച്ച ക്യാപ്റ്റൻ ടോം മൂർ ഫൗണ്ടേഷൻ നടത്തിപ്പിനെ സംബന്ധിച്ചും, ക്യാപ്റ്റൻ ടോമിന്റെ മകളായ ഹാന ഇൻഗ്രാം മൂറിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചും ചാരിറ്റി കമ്മീഷൻ അന്വേഷണം നടത്തിവരികയാണ്.

ഫൗണ്ടേഷന്റെ ഇടക്കാല ചീഫ് എക്സിക്യൂട്ടീവ് ആയിരിക്കെ, അവാർഡ് പ്രൈസ് പ്രോജക്റ്റിന്റെ വിധികർത്താവായതിനും, ആഷ്റ്റൺ വെയിലിൽ ഉൾപ്പെടെ ഒന്നിലധികം ചടങ്ങുകളിൽ പങ്കെടുത്തുന്നതിനും വിർജിൻ മീഡിയയിൽ നിന്നും താൻ 18000 പൗണ്ട് കൈപ്പറ്റിയതായി ഹാന സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഈ ചടങ്ങുകളിൽ നിന്നെല്ലാം ഫൗണ്ടേഷന് 2000 പൗണ്ട് മാത്രമാണ് ലഭിച്ചത്. വിർജിൻ മീഡിയയും O2 വുമായുള്ള ധാരണയുടെ ഭാഗമായി 2022 ജനുവരിയിൽ ആണ് ഹാന ചടങ്ങിൽ പങ്കെടുക്കുന്നത്. ഈ രണ്ട് ബിസിനസ് ഗ്രൂപ്പുകളും ചേർന്ന് 2021 മുതൽ ‘ദി വിർജിൻ മീഡിയ O2 ക്യാപ്റ്റൻ ടോം ഫൗണ്ടേഷൻ കണക്റ്റർ അവാർഡ്’ എന്ന പേരിൽ കമ്മ്യൂണിറ്റി സംഘടനകൾക്കും ഓർഗനൈസേഷനുകൾക്കും ഗ്രാൻഡുകൾ നൽകുന്ന ഒരു അവാർഡ് പ്രോഗ്രാം നടത്തിവരുന്നുണ്ട്. ആഷ്ടൺ വെയ്ൽ ക്ലബ് ആ അവാർഡിന്റെ മൂന്നാമത്തെ ജേതാവ് മാത്രമായിരുന്നു. ഈ അവാർഡിന്റെ വിധികർത്താക്കളിൽ ഒരാളായിരുന്നു ഹാന. അതോടൊപ്പം തന്നെ ആഷ്റ്റൺ വെയിൽ ക്ലബ്ബിന് അവാർഡ് നൽകിയതും ഹാനയായിരുന്നു.


എന്നാൽ എപ്പോൾ ഫൗണ്ടേഷനു എതിരെയുള്ള അന്വേഷണം ശക്തമായി പുരോഗമിക്കുകയാണ്. ഇതോടൊപ്പം തന്നെ ക്യാപ്റ്റൻ ടോം എഴുതിയ മൂന്ന് ബുക്കുകളിൽ നിന്നും ലഭിച്ച വരുമാനത്തിൽ നിന്ന് ഏകദേശം 800000 പൗണ്ടോളം തനിക്കായി മാറ്റി വെച്ചതായി ഹാന അംഗീകരിച്ചിട്ടുണ്ട്. എന്നാൽ അത് തന്റെ പിതാവിന്റെ ഇഷ്ടപ്രകാരമാണ് എന്നാണ് ഹാന വ്യക്തമാക്കുന്നത് . രണ്ടാം ലോക മഹായുദ്ധത്തിൽ സേവനമനുഷ്ഠിച്ച ക്യാപ്റ്റൻ ടോം, കോവിഡ് ദേശീയ ലോക്ക്ഡൗണിന്റെ സമയത്ത് തന്റെ നൂറാം ജന്മദിനത്തിന് മുമ്പ് തന്റെ പൂന്തോട്ടത്തിൽ 100 ​​ലാപ് നടന്ന് എൻ എച്ച് എസിനായി 38.9 മില്യൺ പൗണ്ട് സമാഹരിച്ചതിന് ശേഷം ദേശീയതലത്തിൽ ആഘോഷിക്കപ്പെടുന്ന വ്യക്തിയായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ മകളുടെ പ്രവർത്തനത്തിലൂടെ ക്യാപ്റ്റൻ ടോം ഫൗണ്ടേഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്.