ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുഎസ് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം നടപ്പിലാക്കിയ താരിഫ് നയം യുകെയ്ക്ക് വൻ തിരിച്ചടിയാണെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് . പുതിയ സാഹചര്യത്തിൽ യുകെ സമ്പദ് വ്യവസ്ഥ കടുത്ത വളർച്ചാ ആഘാതം നേരിടുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. നിലവിൽ യുകെ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നില്ലെങ്കിലും വളർച്ചാ നിരക്കിൽ ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വാഷിംഗ്ടണിൽ നടന്ന ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മീറ്റിംഗുകളിൽ പങ്കെടുത്താണ് ബെയ്‌ലി അഭിപ്രായം പ്രകടിപ്പിച്ചത് . താരിഫുകൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് ജനുവരി വരെ പ്രതീക്ഷിച്ചിരുന്ന 1.6% ൽ നിന്ന് 2025 ലെ യുകെയുടെ വളർച്ചാ പ്രവചനം ഈ ആഴ്ച ആദ്യം IMF 1.1% ആയി താഴ്ത്തിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ ലേബർ പാർട്ടിയുടെ പൊതുതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബ്രിട്ടൻ്റെ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുകയാണ്. ഇതിനെ തുടർന്ന് പണപ്പെരുപ്പം കുറയുകയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ പലതവണ കുറയ്ക്കുകയും ചെയ്തിരുന്നു.
ഐഎംഎഫിന്റെ വളർച്ചാ നിരക്കിലെ തരംതാഴ്ത്തൽ പ്രതീക്ഷിച്ചതായിരുന്നു എന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും ഫെബ്രുവരിയിലെ യു കെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും വളർച്ചാ നിരക്ക് കൈവരിച്ചിരുന്നു. ട്രംപ് പ്രഖ്യാപിച്ച താരിഫുകളെ മറികടക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിവിധ കമ്പനികൾ ഉദ്ദേശിച്ചതിലും കൂടുതൽ ക്രയവിക്രയങ്ങൾ നടത്തിയതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ചാൻസലറായ റേച്ചൽ റീവ്സ് ഈ ആഴ്ച യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റിനെ കാണുമ്പോൾ യുഎസ്-യുകെ വ്യാപാര കരാറിൻ്റെ സാധ്യതകൾ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും രാജ്യ താത്പര്യങ്ങൾ ഹനിച്ചുകൊണ്ടുള്ള ഒരു കരാറിനായി യുകെ മുന്നിട്ടിറങ്ങില്ലെന്ന സന്ദേശമാണ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ നേരത്തെ നൽകിയത്.
Leave a Reply