ന്യൂസ് ഡെസ്ക്, മലയാളം യുകെ
ന്യൂസ് ഡെസ്ക്. മലയാളം യുകെ . പ്രസിദ്ധീകരണത്തിൽ യൂറോപ്പിൽ മുൻനിരയിലുള്ള മലയാളം യുകെ ന്യൂസിൻ്റെ ഡയറക്ടർ ബോർഡ് മെമ്പറും, സീനിയർ അസ്സോസിയേറ്റ് എഡിറ്ററുമായ ഷിബു മാത്യുവിൻ്റെ ഭാര്യാ പിതാവ് ജോസഫ് മാത്യൂ വാലുമ്മേൽ (86) നിര്യാതനായി. തിങ്കളാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. ഉദര സംബന്ധമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. മുൻ മന്ത്രി പി ജെ ജോസഫിൻ്റെ സന്തത സഹചാരിയും കേരളാ കോൺഗ്രസിൻ്റെ ആദ്യ കാല പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുള്ള വ്യക്തിത്വത്തിൻ്റെ ഉടമയുമായിരുന്നു. പുറപ്പുഴ സർവ്വീസ് സഹകരണ ബാങ്കിൻ്റെ വൈസ് പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലുപരി ആദ്ധ്യാത്മിക വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ജോസഫ് മാത്യു, കുണിഞ്ഞി സെൻ്റ്. ആൻ്റണീസ് ദേവാലയത്തിൻ്റെ ട്രസ്റ്റിയായി പത്തോളം വർഷങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. എളിമ കൊണ്ടും ലാളിത്യം കൊണ്ടും നാട്ടുകാർ ജോസഫ് മാത്യുവിനെ വാലുമ്മേൽ ചേട്ടായി എന്നാണ് വിളിച്ചിരുന്നത്.
മൃതസംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് സ്വഭവനത്തിൽ ആരംഭിക്കും. തുടർന്ന് വിലാപയാത്രയായി കുണിഞ്ഞി സെൻ്റ് ആൻ്റണീസ് ദേവാലയത്തിലേയ്ക്ക് നീങ്ങും. ദേവാലയത്തിലെ അന്തിമ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം കുടുംബ കല്ലറയിൽ സംസ്കരിക്കും.
വെള്ളിയാമറ്റം പുരയിടത്തിൽ കുടുംബാംഗം മേരി ജോസഫാണ് ഭാര്യ. മക്കൾ റോയി ജോസ്, റീനാ ജോസ്, റെജി ജോസ് എന്നിവരും ബെറ്റി റോയ്, ഷിബു മാത്യൂ, സോണിയ റെജി എന്നിവർ മരുമക്കളുമാണ്.
പരേതൻ്റെ വേർപാടിൽ മലയാളം യുകെ ന്യൂസിൻ്റെയും പ്രിയ വായനക്കാരുടെയും അകമഴിഞ്ഞ ദുഃഖം രേഖപ്പെടുത്തുന്നു.
Leave a Reply