ഒരു നൂറ്റാണ്ടിന് മുന്നേ അന്റാർട്ടിക് തീരത്ത് മുങ്ങിയ പ്രസിദ്ധ കപ്പലായ എച്ച്.എം.എസ് എൻഡ്യുറൻസിനെ കടലിന്റെ അടിത്തട്ടിൽ ഗവേഷകർ കണ്ടെത്തി. ലോകപ്രശസ്ത ബ്രിട്ടീഷ് – ഐറിഷ് പര്യവേക്ഷകനായ ഏണസ്റ്റ് ഷാക്കിൾട്ടണിന്റേതാണ് ഈ കപ്പൽ. 1915ൽ മുങ്ങിയ ഈ കപ്പലിന് പ്രത്യക്ഷത്തിൽ ഗുരുതരമായ കേടുപാടുകളില്ല.

ഫാക്ക്‌ലാൻഡ് ദ്വീപിന് തെക്ക്, അന്റാർട്ടിക്കയുടെ വടക്കൻ തീരത്ത് വാൻഡൽ കടലിൽ 9,842 അടി താഴ്ചയിലാണ് ഇപ്പോൾ എൻഡ്യുറൻസുള്ളത്. ഫാക്ക്‌ലാൻഡ്സ് മാരിടൈം ഹെറിറ്റേജ് ട്രസ്റ്റ്, ഹിസ്റ്ററി ഹിറ്റ് എന്നിവ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് എൻഡ്യുറൻസിനെ കണ്ടെത്തിയത്. സമുദ്ര പര്യവേക്ഷണ രംഗത്തെ നാഴികകല്ലുകളിലൊന്നായാണ് എൻഡ്യുറൻസിന്റെ കണ്ടെത്തൽ വിലയിരുത്തപ്പെടുന്നത്.

ദക്ഷിണ ധ്രുവത്തിൽ ആകെ നാല് പര്യവേക്ഷണങ്ങളാണ് ഏണസ്റ്റ് ഷാക്കിൾടൺ നടത്തിയിട്ടുള്ളത്. 1914ൽ ഷാക്കിൾടണിന്റെ ഇംപീരിയൽ ട്രാൻസ് – അന്റാർട്ടിക് എക്സ്പഡിഷൻ എന്ന യാത്രയുടെ ഭാഗമായി യു.കെയിൽ നിന്ന് പുറപ്പെട്ട എൻഡ്യുറൻസ് തൊട്ടടുത്ത വർഷം അന്റാർട്ടിക്കയിലെ മക്മർഡോ ഉൾക്കടലിലെത്തി.

എന്നാൽ, മോശം കാലാവസ്ഥയിൽ വെഡൽ കടലിലെ മഞ്ഞുപാളികളിൽ ഇടിക്കുകയായിരുന്നു. ഷാക്കിൾടൺ അടക്കം കപ്പലിലിൽ ഉണ്ടായിരുന്ന 28 പേർ എൻഡ്യുറൻസിൽ നിന്ന് രക്ഷപ്പെട്ട് മഞ്ഞുപാളികളിലൂടെ നടന്നും ചെറുബോട്ടുകളിലുമായും രക്ഷപ്പെട്ടു. മാസങ്ങളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് സംഘം ദക്ഷിണധ്രുവത്തിൽ നിന്ന് പുറത്തെത്തിയത്.

ധൗത്യം പരാജയപ്പെട്ടിരുന്നെങ്കിലും ഷാക്കിൾടണിന്റെ യാത്ര അന്റാർട്ടിക് പര്യവേക്ഷണ രംഗത്തെ ഒഴിച്ചുകൂടാനാകാത്ത അദ്ധ്യായമാണ്. പിന്നീട് 1922ൽ നടന്ന മറ്റൊരു പര്യവേക്ഷണ ധൗത്യത്തിനിടെ സൗത്ത് ജോർജിയ ദ്വീപിൽ വച്ച് 47ാം വയസിൽ ഹൃദയാഘാതത്തെ തുടർന്ന് ഷാക്കിൾടൺ അന്തരിച്ചു.

ഷാക്കിൾടണും സംഘവും ഉപേക്ഷിച്ച എൻഡ്യുറൻസ് പിന്നീട് കടലിൽ മുങ്ങിത്താഴുകയായിരുന്നു. സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണിൽ നിന്നാണ് എൻഡ്യുറൻസിനെ കണ്ടെത്താനുള്ള സംഘം അഗൽഹാസ് II എന്ന കപ്പലിൽ യാത്ര തുടങ്ങിയത്. എൻഡ്യുറൻസ് 22 എന്നാണ് ധൗത്യത്തിന് നൽകിയ പേര്. അണ്ടർ വാട്ടർ വെഹിക്കിളുകളുടെ സഹായത്തോടെയാണ് എൻഡ്യുറൻസിന്റെ സ്ഥാനം കണ്ടെത്തിയത്.

എൻഡ്യുറൻസ് എന്ന പേര് കപ്പലിൽ എഴുതിയിരിക്കുന്നത് ഇപ്പോഴും കാണാമെന്ന് പര്യവേക്ഷണ സംഘം അറിയിച്ചു. അതേ സമയം,​ ഇതേ സ്ഥലത്ത് തന്നെ എൻഡ്യുറൻസ് ഇനിയും തുടരും. എൻഡ്യുറൻസിനെ ഇവിടെ നിന്ന് നീക്കാൻ കഴിയില്ല. എന്നാൽ,​ ഗവേഷകർക്ക് ഇവിടെത്തി പഠനങ്ങൾ നടത്താം.