ന്യൂസ് ഡെസ്ക്, മലയാളം യുകെ
തദ്ദേശ തിരഞ്ഞെടുപ്പിലെ റീഫോം യുകെയുടെ വിജയം ഭരണപക്ഷത്തെയും അതുപോലെതന്നെ മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയെയും കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. കാലിനടിയിലെ മണ്ണ് ഇളകി ഒലിക്കുന്നതിന്റെ അങ്കലാപ്പിലാണ് മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ. റീഫോം യുകെ നേടുന്ന ജനസമ്മതി യുകെയിലേയ്ക്ക് കുടിയേറിയവരെയും കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. വിദ്യാർത്ഥി വിസയിൽ എത്തിയ മലയാളികളും കടുത്ത ആശങ്കയിലാണ്. റീഫോം യുകെയുടെ മുന്നേറ്റത്തെ തടയിടാൻ കുടിയേറ്റ നയം രൂപീകരിക്കുന്ന ഘട്ടത്തിൽ ഏറ്റവും കൂടുതൽ തിരിച്ചടികൾ അഭിമുഖീകരിക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥി വിസയിൽ എത്തിയവരാണെന്ന വാർത്ത മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
സാമ്പത്തിക രാഷ്ട്രീയ നയങ്ങളുടെ പേരിൽ ജനപിന്തുണയിൽ പിന്നോട്ട് പോയ ലേബർ ഗവൺമെൻറ് എന്തൊക്കെ നടപടികളാണ് പുതിയതായി സ്വീകരിക്കുക എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഏറ്റവും പുതിയതായി ശൈത്യകാല ഇന്ധന പെയ്മെൻറ് വെട്ടിക്കുറയ്ക്കൽ നടപടിയിൽ നിന്ന് സർക്കാർ പിന്നോക്കം പോകുമെന്ന സൂചനകൾ പുറത്തുവന്നു കഴിഞ്ഞു. ശൈത്യകാല ഇന്ധന പെയ്മെന്റുകൾ വെട്ടിക്കുറയ്ക്കാനുള്ള നടപടി നേരത്തെ വിവിധ തലങ്ങളിൽ ഒട്ടേറെ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു.
ഇടക്കാല ബഡ്ജറ്റിലെ സാമ്പത്തിക നടപടികളുടെ പേരിൽ കടുത്ത എതിർപ്പാണ് ലേബർ പാർട്ടി സർക്കാർ നേരിടുന്നത്. എനർജി ബില്ലുകളിൽ സർക്കാർ നൽകുന്ന പിൻതുണ കുറയുന്നത് ജനങ്ങളുടെ ഇടയിൽ നിന്ന് കടുത്ത എതിർപ്പ് നേടുന്നതിന് സാധ്യതയുണ്ടെന്ന തിരിച്ചറിവിലാണ് സർക്കാർ . കഴിഞ്ഞ ജൂലൈയിൽ ദരിദ്രരായ പെൻഷൻകാർ ഒഴികെയുള്ള എല്ലാവരുടെയും ശൈത്യകാല ഇന്ധന അലവൻസ് വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ തീരുമാനം ഒരു ദുരന്തമാണെന്ന് വിശ്വസിക്കുന്നതായി നിരവധി മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും തന്നെ അഭിപ്രായപ്പെട്ടതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. നിലവിലെ സാഹചര്യങ്ങളിൽ ക്ഷേമ പദ്ധതികളുടെ വെട്ടി കുറവുകളെ കുറിച്ച് സർക്കാർ പുനർവിചിന്തനം നടത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
Leave a Reply