ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വിവരസാങ്കേതികവിദ്യയിൽ നേഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ പ്രാവീണ്യം കൂട്ടുന്നതിനുള്ള നടപടികൾ എൻഎച്ച്എസ് ആരംഭിച്ചു. ഏതാനും വർഷത്തിനുള്ളിൽ 90% ജോലികൾക്കും നേഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ വിവരസാങ്കേതികവിദ്യയിലുള്ള അറിവുകൾ ഒരു പ്രധാന ഘടകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് മുൻകൂട്ടി കണ്ടാണ് എൻഎച്ച്എസ് തങ്ങളുടെ ജീവനക്കാർക്ക് അവരുടെ കമ്പ്യൂട്ടർ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കുന്നത്.


ഭാവിയിലെ സാങ്കേതിക വെല്ലുവിളികളെ നേരിടാൻ നേഴ്സുമാരും മിഡ് വൈഫറി മേഖലയിലെ ജീവനക്കാരും സജ്ജരാണോ എന്ന് പരിശോധിക്കാനുള്ള നടപടികൾ എൻഎച്ച്എസ് ആരംഭിച്ചു. ഇതിൻറെ ഭാഗമായി ഇംഗ്ലണ്ടിലെ ചീഫ് നേഴ്സിംഗ് ഇൻഫർമേഷൻ ഓഫീസർ ഡോ. നടാഷ ഫിലിപ്സിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു കഴിഞ്ഞു.

ഇതിനോടകം തന്നെ നേഴ്സുമാരുടെ ബിരുദ പാഠ്യപദ്ധതിയിൽ ഡേറ്റ അനാലിസിസ്,ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നിവ ഉൾപ്പെടുത്തപെട്ടു കഴിഞ്ഞു. എന്നിരുന്നാലും കാലാകാലങ്ങളിൽ മാറിവരുന്ന സാങ്കേതികവിദ്യയിൽ തങ്ങളുടെ ജീവനക്കാരെ എങ്ങനെ പ്രാപ്തരാക്കണമെന്നാണ് പുതിയ കമ്മിറ്റി അവലോകനം ചെയ്യുന്നത്.