ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ആർത്തവവിരാമത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എൻഎച്ച്എസ് ജീവനക്കാർക്ക് പുതിയ ദേശീയ മാർഗനിർദേശങ്ങൾ പ്രകാരം ഇനിമുതൽ ആവശ്യമെങ്കിൽ വീട്ടിലിരുന്ന് ജോലി ചെയ്യാം. ആരോഗ്യ സേവന മേധാവി, അമാൻഡ പ്രിച്ചാർഡാണ് ആദ്യമായി ആർത്തവവിരാമത്തെക്കുറിച്ച് ദേശീയ എൻഎച്ച്എസ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചത്. മറ്റു തൊഴിലുടമകളും ഇതേ മാർഗം തന്നെ പിന്തുടരണമെന്നും അവർ ആവശ്യപ്പെട്ടു. പുതിയ പദ്ധതി പ്രകാരം ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് ജോലിസമയങ്ങളിൽ അവരുടെ ആവശ്യപ്രകാരം മാറ്റങ്ങൾ നൽകുവാനും, ഇടവേളകൾ നൽകുവാനുമുള്ള വ്യക്തമായ മാർഗനിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.

കോവിഡ് മൂലം ആശുപത്രികളെല്ലാം പ്രവർത്തനം പൂർവ്വ സ്ഥിതിയിലാക്കുവാൻ പരിശ്രമിക്കുന്ന ഈ സമയത്തും, ഇത്തരം ഒരു തീരുമാനം ഭാവിയിൽ എൻ എച്ച് എസിനു ഗുണം ചെയ്യും എന്ന നിലപാടാണ് ആരോഗ്യസേവന മേധാവി വ്യക്തമാക്കിയത്. ആർത്തവവിരാമം എന്നത് ആരോഗ്യപരമായ ഒരു പ്രശ്നമല്ലെന്നും, മറിച്ച് എല്ലാ സ്ത്രീകളും ജീവിതത്തിൽ നേരിടുന്ന ഒരു അവസ്ഥയാണെന്നും , അതിനാൽ തന്നെ സ്ത്രീകൾക്ക് തങ്ങളുടെ ജോലി സ്ഥലങ്ങളിൽ എല്ലാവിധ പിന്തുണയും ഉറപ്പാക്കാനാണ് ഇത്തരം ഒരു തീരുമാനമെന്നും അമാൻഡ വ്യക്തമാക്കി.


ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങളിൽ സന്ധി വേദന, ഉത്കണ്ഠ, ഉറങ്ങാനുള്ള ബുദ്ധിമുട്ട്, ഹോട്ട് ഫ്ലഷുകൾ എന്നിവയും മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങളും ഉൾപ്പെടുന്നു. എൻ എച്ച് എസ് ജീവനക്കാരിൽ അഞ്ചിൽ ഒരു ശതമാനവും 45 മുതൽ 54 വയസ്സിനിടയിലുള്ള സ്ത്രീകളാണ്. ഇതിൽ തന്നെ ഏകദേശം 2,60000 ത്തോളം ആർത്തവ വിരാമത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. എൻ എച്ച് എസ് ഗൈഡ് ലൈനുകൾ മറ്റു ജോലി സ്ഥലങ്ങളിലും പ്രാവർത്തികമാക്കാനുള്ള നിർദ്ദേശങ്ങൾ തുടർന്ന് ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.