തീരുവ കുറയ്ക്കാന്‍ പരസ്പരം ധാരണയായതോടെ, യുഎസ്-ചൈന വ്യാപാര യുദ്ധത്തിന് അന്ത്യം. പരസ്പരം മത്സരിച്ച് വര്‍ധിപ്പിച്ച താരിഫ് 115 ശതമാനം വെട്ടിക്കുറയ്ക്കാനാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്. ഇതോടെ, ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള യുഎസ് താരിഫ് 145ല്‍ നിന്ന് 30 ശതമാനമായി കുറയും. പകരം ചൈന പ്രഖ്യാപിച്ച 125 ശതമാനം താരിഫ് 10 ശതമാനമായും കുറയും. ആഗോള സാമ്പത്തികക്രമത്തെ പോലും ബാധിച്ച വ്യാപാരയുദ്ധത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.
സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന സാമ്പത്തിക-വ്യാപാര ചർച്ചകൾക്കു ശേഷമാണ് സംയുക്ത പ്രഖ്യാപനം. മെയ് 14ഓടെ തീരുമാനം നടപ്പാകും. ആദ്യഘട്ടത്തില്‍ 90 ദിവസത്തേക്കാണ് താരിഫ് പിന്‍വലിക്കുന്നത്. ഇരു രാജ്യങ്ങളുടെയും സാമ്പത്തിക, വ്യാപാര ബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിന് പ്രത്യേക സംവിധാനം കൊണ്ടുവരും.
ചൈനയില്‍ നിന്ന് സ്റ്റേറ്റ് കൗണ്‍സില്‍ വൈസ് പ്രീമിയര്‍ ഹെ ലിഫെങ്, യുഎസില്‍നിന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്, യുഎസ് വ്യാപാര പ്രതിനിധി ജമീസണ്‍ ഗ്രീര്‍ എന്നിവര്‍ ചര്‍ച്ചകള്‍ തുടരും. യുഎസിലും, ചൈനയിലുമായോ അല്ലെങ്കില്‍ ഇരു രാജ്യങ്ങളുടെയും ധാരണപ്രകാരം മൂന്നാം രാജ്യത്തിലോ ചര്‍ച്ചകള്‍ നടക്കും. തുടര്‍ ചര്‍ച്ചകളിലാകും താരിഫ് ഏത് നിരക്കില്‍ തുടരണം എന്നതുള്‍പ്പെടെ തീരുമാനിക്കപ്പെടുക.
അധികാരമേറ്റതിനു പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഇറക്കുമതികൾക്ക് കനത്ത തീരുവ ചുമത്തിയത്. തിരിച്ചടിയെന്നോണം ചൈനയും യുഎസ് ഇറക്കുമതിക്കുള്ള തീരുവ വര്‍ധിപ്പിച്ചതോടെയാണ് വ്യാപാരബന്ധം സങ്കീര്‍ണമായത്. പത്ത് ശതമാനം വീതമായിരുന്നു ട്രംപിന്റെ ആദ്യ രണ്ട് വർധനകൾ. ഇതിനോട് അളന്നുമുറിച്ച സമീപനമാണ് ചൈന സ്വീകരിച്ചത്.
പിന്നാലെ 34 ശതമാനം തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചു. ചൈന തിരിച്ച് യുഎസിനു മേല്‍ 34 ശതമാനം തീരുവയും ചുമത്തി. വിവിധ യുഎസ് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും നിര്‍ണായക ധാതു കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
Leave a Reply