കെനിയയിലെ നെഹ്‌റൂറുവിലുണ്ടായ ബസപകടത്തിൽ മരിച്ച അഞ്ച് കേരളീയരുടെ മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ 8.45-ന് ഖത്തർ എയർവേയ്‌സ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന(29), മകൾ റൂഹി മെഹ്‌റിൻ(ഒന്നര), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീതാ ഷോജി ഐസക്ക്(58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ(41), മകൾ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുന്നത്.

കെനിയയിൽനിന്നു കൊണ്ടുവരുന്ന മൃതദേഹങ്ങൾക്കും ഒപ്പമുള്ള ബന്ധുക്കൾക്കും ഇന്ത്യയിൽ പ്രവേശിക്കാൻ യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ കേന്ദ്രസർക്കാർ ഇളവനുവദിച്ചു. കെനിയയിൽനിന്ന്‌ ഖത്തറിലേക്കു വിമാനം പുറപ്പെടുന്നതിന് മണിക്കൂറുകൾക്കു മുൻപ് മാത്രമാണ് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് ട്രാവൽ ഏജൻസി വ്യക്തമാക്കിയത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പും കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് ഇളവുനേടുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് നോർക്ക റൂട്ട്‌സ് അധികൃതർ മൃതദേഹങ്ങൾ ഏറ്റുവാങ്ങും. വിമാനത്താവളത്തിൽനിന്ന് മൃതദേഹങ്ങൾ വീടുകളിലേക്കു കൊണ്ടുപോകും.

ജൂൺ ഒൻപതിന് ഇന്ത്യൻ സമയം വൈകീട്ട് ഏഴോടെയാണ് വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യൻസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടത്. ഖത്തറിൽനിന്ന്‌ വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവർ. നെയ്‌റോബിയിൽനിന്ന്‌ 150 കിലോമീറ്റർ അകലെ നെഹ്‌റൂറുവിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബസ് താഴ്ചയിലേക്കു മറിയുകയായിരുന്നു.