ബിനോയ് എം. ജെ.

സാമ്പത്തിക പുരോഗതി ഉണ്ടാകുവാൻ വേണ്ടി നാം എന്ത് ചെയ്യണം ? പൗരന്മാർ ധാരാളം ജോലി ചെയ്തു തുടങ്ങിയാൽ സാമ്പത്തിക മണ്ഠലത്തിൽ തീർച്ചയായും ഒരു കുതിച്ചുചാട്ടം തന്നെ ഉണ്ടാകും. അതേസമയം ജോലി ഒരു കഷ്ടപ്പാടായി നമുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ക്രേശിച്ചുള്ള ഈ സാമ്പത്തിക പുരോഗതി ആർക്കുവേണ്ടി? ലോക മാസകലം കർമ്മം ചെയ്യുന്നു. പക്ഷേ ആരും തന്നെ സംതൃപ്തരല്ല. എവിടെയാണ് തെറ്റ് പറ്റിയിരിക്കുന്നത്? സൂക്ഷ്മമായി പരിശോധിച്ചാൽ കർമ്മത്തോടുള്ള നമ്മുടെ സമീപനത്തിലാണ് തെറ്റ് പറ്റിയിരിക്കുന്നതെന്ന് കാണുവാൻ കഴിയും. കർമ്മം ചെയ്യുന്നത് എന്തിനുവേണ്ടി ? ജീവിക്കുവാൻ വേറെ മാർഗ്ഗമില്ലാത്തതിനാൽ നാം സ്വയം സമ്മർദ്ദം ചെലുത്തി കർമ്മം ചെയ്യുന്നു.

മുതലാളിത്ത വ്യവസ്ഥിതി ആണെങ്കിലും സോഷ്യലിസ്റ്റ് വ്യവസ്ഥിതിയാണെങ്കിലും കർമ്മം ചെയ്യപ്പെടുന്നത് മനസ്സില്ലാ മനസ്സോടെ ആണ്. ഇവിടെയാണ് പ്രശ്നങ്ങളുടെ എല്ലാം ബീജം കിടക്കുന്നത്. ആരുംതന്നെ കർമ്മം ആസ്വദിക്കുന്നില്ല. ആസ്വാദനത്തിന് വേണ്ടി കർമ്മം ചെയ്യപ്പെടുമ്പോൾ ഒരാൾ 24 മണിക്കൂറും കർമ്മനിരതനും സംതൃപ്തനും ആയി കാണപ്പെടുന്നു. അയാൾക്ക് കർമ്മത്തെക്കുറിച്ചോ അതിന്റെ പ്രതിഫലത്തെക്കുറിച്ചോ യാതൊരു പരാതിയും ഉണ്ടാവില്ല. ഒരുപക്ഷേ അയാൾക്ക് പ്രതിഫലം കിട്ടുന്നുണ്ടോ എന്ന് പോലും അയാൾ ചിന്തിക്കുന്നു ഉണ്ടാവില്ല. അയാൾ നിഷ്കാമകർമ്മം ചെയ്യുന്നു !

നാം ഏതുതരം കർമ്മം ചെയ്താലും അതിനെ ആസ്വദിച്ചുകൊണ്ട് ചെയ്യുക എന്നൊരു വാദം ഇതിനോട്

അനുബന്ധിച്ച് പൊന്തി വരുന്നുണ്ട്. അത് ശരിയുമാണ്. എന്നാൽ കൃത്രിമമായ ഈ ആസ്വാദനം എത്രമാത്രം ഫലപ്രദമാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അത് തീർച്ചയായും ഒരു പരിധിവരെ ഫലപ്രദം തന്നെയാണ്. എന്നാൽ നാം അറിയാതെ തന്നെ കർമ്മത്തിൽ ലയിച്ചുചേരാൻ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കർമ്മത്തിന്റെ പ്രകൃതത്തിൽ തന്നെ മാറ്റം വരുത്തുക ! ഇന്ന് നാം കർമ്മം ചെയ്യുന്നത് ആന്തരികമോ ബാഹ്യമോ ആയ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. അപ്രകാരം മനസ്സ് സമ്മർദ്ദത്തിന് വഴങ്ങുമ്പോൾ മനുഷ്യന്റെ ബുദ്ധിശക്തി നിഷ്ക്രിയമായി ഭവിക്കുന്നു. അവിടെ മനുഷ്യൻ ഒരു വണ്ടിക്കാളയെ പോലെ പണിയെടുക്കുന്നു. അവിടെ കർമ്മം ആസ്വദിക്കപ്പെടുന്നില്ല. എന്നാൽ കൈ പ്രവർത്തിച്ചു തുടങ്ങുന്നതിന്

മുമ്പേതന്നെ തലച്ചോർ പ്രവർത്തിച്ചു തുടങ്ങിയാൽ അടിമപ്പണിയെ വേരോടെ പിഴുതെറിയുവാൻ നമുക്ക് കഴിയും.

മനുഷ്യവംശത്തെ സംബന്ധിച്ചിടത്തോളം അവന്റെ ആസ്വാദനം മുഴുവൻ ബുദ്ധിശക്തിയെ വിനിയോഗിക്കുന്നതിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് കാണുവാൻ കഴിയും. നമ്മുടെ സംസ്കാരം തന്നെ ബുദ്ധിശക്തിയുടെ ഒരു ആവിഷ്കാരമാണ്. ബുദ്ധിയാകട്ടെ സ്വയം പ്രവർത്തിച്ചു കൊള്ളും. നിങ്ങൾ വെറുതെയിരിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഒന്ന് കണ്ണോടിച്ചു നോക്കൂ. മനസ്സ് വളരെ വേഗത്തിൽ പല കാര്യങ്ങളെയും വിശകലനം ചെയ്യുന്നതായി കാണുവാൻ സാധിക്കും. ഇനി അത് ഏത് കാര്യങ്ങളെയാണ് വിശകലനം ചെയ്യുന്നത് എന്ന് പരിശോധിക്കുക. അവിടെ തുടങ്ങട്ടെ

നിങ്ങളുടെ കർമ്മാനുഷ്ഠാനം. നിങ്ങളുടെ കർമ്മത്തിന്റെ അടിസ്ഥാനം നിങ്ങളുടെ ബുദ്ധിയാകട്ടെ. ബുദ്ധിശക്തിയുടെ നിറവിൽ നിങ്ങൾ സ്വയം മറന്നു കർമ്മം ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബുദ്ധിയും (അറിവും) കർമ്മവും ഉരുകി ഒന്നായി ചേരേണ്ടിയിരിക്കുന്നു. ഒരു ഗവേഷകന്റെ ഉത്സാഹത്തോടെ വേണം നിങ്ങൾ കർമ്മം ചെയ്യുവാൻ. ഓരോ തവണ കർമ്മം ചെയ്യുമ്പോഴും അത് കൂടുതൽ ഫലപ്രദമായും ആയാസരഹിതമായും അർത്ഥവ്യത്തായും ചെയ്യുവാൻ പരിശ്രമിക്കുവിൻ. അപ്പോൾ കർമ്മം ഒരു ആനന്ദ ലഹരിയായി മാറും. അറിവിനെയും കർമ്മത്തെയും രണ്ടായി വേർതിരിച്ച് അവ വെവ്വേറെ ആൾക്കാരെ ഏൽപ്പിക്കുന്നത് ഒട്ടും തന്നെ ശാസ്ത്രീയമല്ല. ഇവിടെ ചിലർ സുഖിമാന്മാരായും മറ്റു ചിലർ

കഷ്ടപ്പെടുന്നവർ ആയും കാണപ്പെടുന്നു. ഇത് സമ്പത്ത് വ്യവസ്ഥയുടെ പുരോഗതിക്ക് ഒട്ടും തന്നെ ഗുണകരമല്ല. ഇന്ന് ലോകമാസകലം ബൗദ്ധികമായി ജോലി ചെയ്യുന്നവരും ( White Collar Jobs)ശാരീരികമായ ജോലി ചെയ്യുന്നവരും (Blue Collar Jobs) ആയി രണ്ടു വിഭാഗക്കാർ ഉണ്ട്. എന്തുകൊണ്ട് ബൗദ്ധികമായ ജോലി ചെയ്യുന്നവർക്ക് അല്പം ശാരീരിക ജോലി കൂടി ചെയ്തു കൂടാ? അതുപോലെതന്നെ ശാരീരികമായ ജോലി ചെയ്യുന്നവർ ആ ജോലിയെ അവരുടെ ബുദ്ധിയുമായി കൂട്ടിയിണക്കിയാൽ അവർക്ക് ഗംഭീരമായി കർമ്മം ചെയ്യുവാൻ കഴിയും.

ഇനി മറ്റൊരു കാര്യം കൂടി പരിഗണിച്ചു നോക്കാം. കർമ്മം ചെയ്യാത്തവരായി ആരെങ്കിലും ഈ ലോകത്തിൽ ഉണ്ടോ?

എല്ലാവരും എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്നവരാണ്. ശാരീരികമായി വെറുതെ ഇരിക്കുന്നവരായി കാണപ്പെടുന്നവർ മാനസികവും ബൗദ്ധികവുമായി എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്ന വരാണ്. അപ്പോൾ ചില സമ്പദ് വ്യവസ്ഥകൾ മുന്നോട്ടു കുതിക്കുന്നതും മറ്റു ചിലവ പുറകോട്ട് അടിക്കുന്നതും എന്തുകൊണ്ടാണ് ? സംഘടിതമായ സമ്പദ് വ്യവസ്ഥകൾ അതിദ്രുതം മുന്നോട്ടു കുതിക്കുമ്പോൾ അസംഘടിതമായ സമ്പദ് വ്യവസ്ഥകൾ പുറകോട്ട് അടിക്കുന്നു. വെള്ളക്കോളർ ജോലികളും നീലക്കോളർ ജോലികളും തമ്മിലുള്ള അന്തരം വർദ്ധിക്കുമ്പോൾ സമ്പദ് വ്യവസ്ഥ സംഘടിതമായി നീങ്ങുവാനുള്ള സാധ്യതകൾ മങ്ങുകയാണ് ചെയ്യുന്നത്. ഇത്തരം സമ്പദ് വ്യവസ്ഥകളിൽ നിർബന്ധിതമായ ജോലി അനിവാര്യമായി വരുന്നു.

അധ്വാനിക്കാതെ ആഹാരവും വസ്ത്രവും പാർപ്പിടവും ആർജ്ജിച്ചെടുക്കുവാൻ ആവില്ലല്ലോ. സൃഷ്ടിപരമായും ആസ്വാദ്യകരമായും സ്വാതന്ത്ര്യത്തോടെയും കർമ്മം ചെയ്യുവാൻ നമുക്ക് കഴിയാതെ വരുമ്പോൾ നാം നിർബന്ധിത ജോലികൾക്ക് വിധിക്കപ്പെടുന്നു. ഇതാകുന്നു ആധുനിക മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം. അതിനാൽ ജോലി ആസ്വദിക്കുവിൻ. സ്വാതന്ത്ര്യത്തോടെ നിങ്ങൾക്ക് ഇഷ്ടമുള്ളവയെല്ലാം ചെയ്തു തുടങ്ങുവിൻ. നിങ്ങളുടെ കൈകൾ പ്രവർത്തിച്ചു തുടങ്ങുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ തലച്ചോർ പ്രവർത്തിച്ചു തുടങ്ങട്ടെ. ബുദ്ധിപൂർവ്വം കർമ്മം ചെയ്യുവിൻ. അപ്പോൾ കർമ്മം ഒരു ആനന്ദ ലഹരിയായി മാറും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120