ഇലക്ട്രിക് സബ്സ്റ്റേഷനിലെ തകരാറിനെ തുടർന്ന് വിമാനത്താവളം അടച്ചുപൂട്ടാനിടയായ സംഭവത്തിൽ നാഷണൽ ഗ്രിഡിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഹീത്രു വിമാനത്താവളം ആലോചിക്കുന്നു. പ്രശ്നത്തിന് കാരണമായ തീപിടുത്തം ഇലക്ട്രിക് സബ്സ്റ്റേഷനിലെ തകരാറിനെ തുടർന്നാണെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. വിമാനത്താവളത്തിൽ വൈദ്യുതി വിതരണം ചെയ്യുന്ന സബ്സ്റ്റേഷന്റെ പ്രശ്നത്തെ കുറിച്ച് 7 വർഷം മുമ്പ് മുതൽ കമ്പനിക്ക് അറിവുണ്ടായിരുന്നു. എന്നാൽ അത് പരിഹരിക്കുന്നതിന് ഉചിതമായ നടപടി നാഷണൽ ഗ്രിഡിൻ്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
നോർത്ത് ഹൈഡ് സബ്‌സ്റ്റേഷനിലെ ഇലക്ട്രിക്കൽ ഭാഗങ്ങൾ ശരിയാക്കാൻ നിരവധി അവസരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അറ്റകുറ്റപ്പണികൾ ആവർത്തിച്ച് മാറ്റിവച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ബുധനാഴ്ച റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന്, ഊർജ്ജ നിരീക്ഷണ ഏജൻസിയായ ഓഫ്‌ജെം നാഷണൽ ഗ്രിഡിനെക്കുറിച്ച് സ്വന്തം അന്വേഷണം ആരംഭിച്ചു. സബ്‌സ്റ്റേഷനിലെ ഇലക്ട്രിക്കൽ ഘടകങ്ങളിലേക്ക് ഈർപ്പം പ്രവേശിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് നാഷണൽ എനർജി സിസ്റ്റം ഓപ്പറേറ്റർ (നെസോ) പറഞ്ഞു.
വൈദ്യുത സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടർന്ന് ഹീത്രൂ എയർപോർട്ടിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ച സാഹചര്യം രാജ്യത്തിന് ഉണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. സംഭവത്തെ കുറിച്ച് അടിയന്തിര അന്വേഷണത്തിന് ഊർജ്ജ സെക്രട്ടറി എഡ് മിലിബാൻഡ് ഉത്തരവിട്ടിരുന്നു. . . പടിഞ്ഞാറൻ ലണ്ടനിലെ വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന നോർത്ത് ഹൈഡ് സബ്‌സ്റ്റേഷനിലുണ്ടായ തീപിടുത്തം ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കാനും ലോകമെമ്പാടും യാത്രക്കാർ കുടുങ്ങിക്കിടക്കാനും കാരണമായി. ഹീത്രു വിമാനത്താവളത്തിൽ ഇറങ്ങാൻ സാധിക്കാത്ത വിമാനങ്ങൾ തിരിച്ചുവിട്ടത് മറ്റ് എയർപോർട്ടുകളുടെ പ്രവർത്തനങ്ങളെയും ബാധിച്ചിരുന്നു
Leave a Reply