ലണ്ടന്‍: പൊതുതെരഞ്ഞെടുപ്പ് നേരത്തേ പ്രഖ്യാപിച്ചതിലൂടെ തെരേസ മേയ് അബദ്ധമാണ് കാട്ടിയതെന്ന് സ്‌കോട്ട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍. യുകെയ്ക്ക് ശരിയുടെ പാതയിലേക്ക് മാറാനുള്ള അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയമായി വലിയ പിഴവാണ് മേയ്ക്ക് സംഭവിച്ചിരിക്കുന്നത്. ഹാര്‍ഡ് ബ്രെക്‌സിറ്റിലേക്ക് നയിക്കുന്ന കണ്‍സര്‍വേറ്റീവ് നയങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അവസരമായി ജനങ്ങള്‍ ഇതിനെ കണക്കാക്കുമെന്നും അവര്‍ പറഞ്ഞു.

സ്വാതന്ത്ര്യത്തിനായി ഹിതപരിശോധന നടത്താന്‍ ശ്രമം നടത്തുന്ന സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടിക്കും സഹായകരമായ സാഹചര്യമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലൂടെ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. ലേബറിലെ പ്രതിസന്ധിയുടെ ആനുകൂല്യത്തില്‍ വലിയ ഭൂരിപക്ഷം നേടാനാണ് ടോറികള്‍ ശ്രമിക്കുന്നത്. അപ്പോള്‍ സ്‌കോട്ട്‌ലന്‍ഡ് സ്വാതന്ത്ര്യത്തിനു വേണ്ടി കൂടുതല്‍ വാദിക്കാന്‍ എസ്എന്‍പിക്ക് സാധിക്കുമെന്നാണ് സ്റ്റര്‍ജന്‍ പറയുന്നത്. കണ്‍സര്‍വേറ്റീവുകളെ തിരസ്‌കരിക്കാനും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനോട് പ്രതികരിച്ചുകൊണ്ട് നല്‍കിയ ട്വീറ്റില്‍ സറ്റര്‍ജന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.

ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപനത്തോട് അനുബന്ധിച്ചായിരുന്നു സ്വാതന്ത്ര്യത്തിനായുള്ള ഹിതപരിശോധനാ ആവശ്യവുമായി സ്‌കോട്ടിഷ് സര്‍ക്കാര്‍ രംഗത്തെത്തിയത്. ഇപ്പോള്‍ അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഈ ആവശ്യം കൂടുതല്‍ ഫലപ്രദമായി ഉന്നയിക്കാന്‍ കഴിയുമെന്ന ആശ്വാസത്തിലാണ് എസ്എന്‍പി.