സ്വകാര്യ ആശുപത്രിയിൽ കഴി‍ഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിയായ പതിനേഴുകാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് 17 കാരിയുടെ പോസ്റ്റുമോർട്ടം നടന്നത്. സാമ്പിൾ പൂനൈ എൻ.ഐ.വിയിലേക്ക് അയച്ചു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറൻ്റീനിലാണ്. ഈ മാസം ഒന്നിനാണ് പെണ്‍കുട്ടിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. 2018 മെയ് മാസത്തിലാണ് കേരളത്തിൽ ആദ്യമായി നിപ സ്ഥിരീകരിച്ചത്. അന്ന് 17 പേർക്കാണ് ഒന്നിന് പുറകെ ഒന്നായി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ജീവൻ നഷ്ടമായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അണുബാധയുണ്ടായാല്‍ അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് പ്രധാന ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.