‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍. കൊച്ചി മരട് പോലീസാണ് സൗബിനെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തത്. നടന്‍ നേരത്തെ ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും.
സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സൗബിന്‍ അഭിഭാഷകനൊപ്പം കഴിഞ്ഞദിവസവും മരട് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. അതിന് ശേഷം വീണ്ടും ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ചയും ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. സിനിമയുടെ സഹനിര്‍മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരും സൗബിനൊപ്പം ചോദ്യം ചെയ്യലിനെത്തിയിരുന്നു. ഇവരുടേയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ നാല് മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം പോലീസ് വിട്ടയക്കുകയായിരുന്നു. ഇതിന് ശേഷമാണ് വീണ്ടും വിളിച്ചുവരുത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്കിറങ്ങിയപ്പോള്‍ എല്ലാം പോലീസിനോട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു സൗബിന്റെ പ്രതികരണം.
കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ഇവരുടെ മുന്‍കൂര്‍ ജാമ്യം കോടതി തള്ളിയിരുന്നെങ്കിലും രണ്ടാമത്തെ തവണ നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിക്കുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിബന്ധനയോടെയായിരുന്നു ജാമ്യം. പ്രതികള്‍ കുറ്റം ചെയ്തതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ പോലീസ് കോടതിയെ അറിയിച്ചത്. 200 കോടി രൂപയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ബോക്‌സോഫീസ് കളക്ഷന്‍. സിനിമയുടെ നിര്‍മാണവേളയില്‍ സിനിമയുടെ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് സിറാജ് വലിയതുറ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
Leave a Reply