ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയില്‍ നായകനായി മോഹന്‍ലാലെത്തുന്നു. ഇതാദ്യമായാണ് ഒരു വെബ് സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുന്നത്. ചിത്രത്തിനായി 45 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. ഇത് ആദ്യമായാണ് മോഹന്‍ലാല്‍ ഒരു വെബ് സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രത്തെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടും.

2009ല്‍ റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം സ്‌ളം ഡോഗ് മില്യണയറിലൂടെയാണ് മികച്ച സൗണ്ട് മിക്‌സിംഗിനുള്ള ഓസ്‌കാര്‍ അവാര്‍ഡ് റസൂലിന് ലഭിച്ചത്. സാവരിയ, യന്തിരന്‍, റാ വണ്‍, കൊച്ചടൈയാന്‍, നന്‍പന്‍, ഹൈവേ തുടങ്ങി ശ്രദ്ധേയമായ നിരവധി ചിത്രങ്ങള്‍ക്ക് സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ച റസൂല്‍ പഴശിരാജ, ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി, കമ്മാരസംഭവം തുടങ്ങിയ മലയാള ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ദ സൗണ്ട് സ്റ്റോറിയിലൂടെ നായകനായും അരങ്ങേറാനുള്ള ഒരുക്കത്തിലാണ് റസൂല്‍ പൂക്കുട്ടി.

മോഹന്‍ലാലിനൊപ്പം ഇതുവരെ ഒരു ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും തന്റെ കന്നി സംവിധാന സംരംഭത്തില്‍ മോഹന്‍ലാല്‍ തന്നെ നായകനാകണമെന്ന് റസൂലിന് മോഹമുണ്ടായിരുന്നു.