ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ രവീന്ദ്ര ജഡേജയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും വീരോചിത സെഞ്ചുറികളുടെ കരുത്തില്‍ സമനില പിടിച്ചതിന് പിന്നാലെ അപൂര്‍വ റെക്കോര്‍ഡിട്ട് ഇന്ത്യൻ ടീം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാല് ഇന്ത്യൻ താരങ്ങള്‍ 400 റണ്‍സിലേറെ നേടിയാണ് റെക്കോര്‍ഡിട്ടത്. ഇന്ത്യയുടെ 91 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് നാല് താരങ്ങള്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഒരേസമയം 400 ലേറെ റണ്‍സ് സ്കോര്‍ ചെയ്യുന്നത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ നാലു ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ റണ്‍വേട്ടക്കാരില്‍ ആദ്യ നാലു സ്ഥാനങ്ങളിലും ഇന്ത്യക്കാരാണെന്നതും ശ്രദ്ധേയമാണ്. 722 റണ്‍സുമായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലാണ് റണ്‍വേട്ടയില്‍ ഒന്നാമത്. ഒരു ഇരട്ട സെഞ്ചുറി അടക്കം നാലു സെഞ്ചുറികളാണ് ഗില്‍ ഈ പരമ്പരയില്‍ നിന്ന് മാത്രം നേടിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

511 റണ്‍സുമായി കെ എല്‍ രാഹുലാണ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്. രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളുമാണ് രാഹുല്‍ പരമ്പരയില്‍ നേടിയത്. 479 റണ്‍സുമായി റിഷഭ് പന്താണ് റണ്‍വേട്ടക്കാരില്‍ മൂന്നാമത്. രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറികളും റിഷഭ് പന്തിന്‍റെ പേരിലുണ്ട്. പരിക്കുമൂലം അവസാന ടെസ്റ്റില്‍ കളിക്കാനാവാത്തതിനാല്‍ റിഷഭ് പന്തിന് 500 റണ്‍സ് പിന്നിടാനാവാനില്ല. അവസാന ടെസ്റ്റില്‍ കളിച്ചിരുന്നെങ്കില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് റിഷഭ് പന്തിന് സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. 1965ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 525 റണ്‍സ് നേടിയ ഇന്ത്യയുടെ ബുധി കുന്ദേരന്‍റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്.

ഇന്നലെ മാഞ്ചസ്റ്ററില്‍ സെഞ്ചുറി നേടിയതോടെ രവീന്ദ്ര ജഡേജ ഇംഗ്ലണ്ടിന്‍റെ ജാമി സ്മിത്തിനെ പിന്തള്ളി റണ്‍വേട്ടയില്‍ നാലാം സ്ഥാനത്തേക്ക് കയറി. നാലു മത്സരങ്ങളില്‍ 454 റണ്‍സുമായാണ് ജഡേജ നാലാം സ്ഥാനത്തെത്തിയത്. ഒരു സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറിയുമാണ് ജഡേജയുടെ പേരിലുള്ളത്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സെഞ്ചുറിയുമായി കരുത്തുകാട്ടിയ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ പിന്നീട് നിറം മങ്ങിയത് മാത്രമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. നാലു കളികളില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം 291 റണ്‍സാണ് ജയ്സ്വാളിന്‍റെ നേട്ടം. ഈ പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ പത്താമതാണ് ജയ്സ്വാൾ ഇപ്പോള്‍.